
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തി വളഞ്ഞിട്ടാക്രമിക്കുന്ന പോസ്റ്ററുകളാണ് പ്രചരിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
പ്രസക്തഭാഗങ്ങൾ ഇങ്ങനെ - '' എന്നെ അവഹേളിക്കുന്നവർ അവരുടെ വീട്ടിലെ സ്ത്രീകളോടിങ്ങനെ പെരുമാറുമോ. പാർട്ടി വിജയിക്കുമ്പോൾ അതിന്റെ പങ്ക് പറ്റാൻ പലരുമെത്തും. പരാജയപ്പെടുമ്പോൾ മൃഗീയമായി ആക്രമിക്കും. ഡി.സി.സി പ്രസിഡന്റായി വരുമ്പോൾ കൊല്ലത്ത് 11 അസംബ്ലി മണ്ഡലങ്ങളിലും ദയനീയപരാജയം നേരിട്ട അവസ്ഥയിലായിരുന്നു പാർട്ടി. കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷിന്റെ ചെറിയ പരാജയമൊഴിച്ചാൽ കൊല്ലത്ത് തോൽവിയുടെ ശരാശരി റേഞ്ച് മുപ്പതിനായിരം വോട്ടായിരുന്നു. മനോവീര്യം തകർന്ന പ്രവർത്തകർക്ക് ഊർജ്ജം കൊടുക്കുകയായിരുന്നു ആദ്യലക്ഷ്യം.
കൊല്ലത്ത് ഇത്തവണ സംഭവിച്ചത് വലിയ തോൽവിയെന്ന് പറയാനാവില്ല. കോർപ്പറേഷനിൽ വലിയ തോൽവിയാണെന്ന് സമ്മതിക്കുന്നു. 2015ൽ എട്ട് പഞ്ചായത്തുകൾ മാത്രമാണ് കിട്ടിയിരുന്നത്. ഇത്തവണ 22 പഞ്ചായത്ത് സ്വന്തം നിലയ്ക്ക് ഭരിക്കാനുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ തുടങ്ങിയവരുമായി റിബൽ സ്ഥാനാർത്ഥികളെ വീടുകളിൽ പോയിക്കണ്ട് പിന്തിരിപ്പിച്ചിരുന്നു. വ്യക്തിപരമായി ഒരാളെപ്പോലും വാശിപിടിച്ച് സ്ഥാനാർത്ഥിയാക്കിയിട്ടില്ല. കെ.പി.സി.സി അംഗീകരിച്ച എട്ടംഗ കമ്മിറ്റി രണ്ടാഴ്ച ചർച്ച ചെയ്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണക്കൊടി ഹൃദയത്തിലേറ്റിയതാണ്. കോൺഗ്രസിന് ദോഷം വരുന്ന പ്രവർത്തനത്തിന് കൂട്ടുനിന്നിട്ടില്ല. കൊവിഡ് കാലത്ത് സഹായവുമായി ആരും നിരത്തിലിറങ്ങാതിരുന്നപ്പോൾ സ്കൂട്ടറുമെടുത്ത് പൊതിച്ചോറുമായി തെരുവിലിറങ്ങിയ ആളാണ് ഞാൻ. ഏറ്റവും സങ്കടം ഞാൻ ബി.ജെ.പി ഏജന്റെന്ന് പറഞ്ഞതാണ്. പോസ്റ്റർ ഒട്ടിച്ചവരെ ഞങ്ങൾക്കറിയാം. ബിന്ദുകൃഷ്ണ പേയ്മെന്റ് നടത്തിയെന്നാണ് പറയുന്നത്. 1348 സ്ഥാനാർത്ഥികളാണ് കൊല്ലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. ആ സ്ഥാനാർത്ഥികളിൽ നിന്ന് എന്തെങ്കിലും വാങ്ങിയുട്ടോയെന്ന് ആർക്കും അന്വേഷിക്കാം. ഒരു ചായ പോലും ഞാൻ അവരുടെ ചെലവിൽ വാങ്ങിക്കുടിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിന് സ്വന്തം ബൂത്തിൽ പോലും പ്രവർത്തനത്തിനിറങ്ങാത്തവരാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി.