
കൊല്ലം: നിറുത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലറ പരപ്പിൽ അജിൻ ഭവനിൽ (പ്രസീദ മന്ദിരം) തുളസീധരന്റെയും പ്രസീദയുടെയും മകൻ ടി.പി. അജിനാണ് (32) മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 5.20 ഓടെ നീണ്ടകര പാലത്തിലായിരുന്നു അപകടം. എറണാകുളത്ത് ജോലിസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന അജിന്റെ ബൈക്ക് എതിർ വശത്ത് നിറുത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അജിനെ ശക്തികുളങ്ങര സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആവണിയാണ് ഭാര്യ. മകൻ: ഋഷി.