riyas

കൊല്ലം: ശാസ്‌താംകോട്ട കാരാളിമുക്ക് സീനാ ലക്കി സെന്ററിൽ ലോട്ടറി വിൽക്കാനിരുന്ന ആ പഴയ പയ്യനെ തേടി കാരുണ്യ ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യമെത്തി. പത്ത് വർഷത്തിനിപ്പുറം ഭാഗ്യമെത്തുമ്പോൾ ആ വിൽപ്പനക്കാരൻ സിവിൽ പൊലീസ് ഓഫീസറാണ്.

കുണ്ടറ സ്റ്റേഷനിലെ ജെ.റിയാസ് (34) വെള്ളിയാഴ്‌ച വൈകിട്ടാണ് കാരാളിമുക്കിലെ ലോട്ടറി വിൽപ്പനക്കാരൻ ഉത്തമനിൽ നിന്ന് കെ.എം 723241 എന്ന നമ്പറുള്ള ടിക്കറ്റെടുത്തത്. പണ്ട് വിറ്റ ടിക്കറ്റുകളിൽ പലതിനും ഒരു ലക്ഷവും അൻപതിനായിരവുമൊക്കെ സമ്മാനം ലഭിക്കുമ്പോൾ നറുക്കെടുപ്പ് ഭാഗ്യം തരുന്ന ദിവസത്തെ കുറിച്ച് അരിനല്ലൂർ കോവൂർ റിയാസ് മൻസിലിൽ റിയാസും സ്വപ്നം കണ്ടിരുന്നു.

ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ ആ സ്വപ്നം യാഥാർത്ഥ്യമായി.

പി.എസ്.സി പരീക്ഷയും പഠനവുമൊക്കെയായി നടന്ന കാലത്താണ് ഒന്നര വർഷത്തോളം ലോട്ടറി കടയിൽ ജോലി നോക്കിയിരുന്നത്. ഇതിനുശേഷം ഗൾഫിൽ പോയി. പിന്നീടാണ് പൊലീസിൽ ജോലി ലഭിക്കുന്നത്. ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ചെറിയ തുകകൾ സമ്മാനമായി ലഭിക്കുകയും ചെയ്തു. ഒടുവിലാണ് വലിയ സ്വപ്നം തേടിയെത്തിയത്. ഭാര്യ ഷെർണ ബീഗം. ഏക മകൾ നാല് വയസുകാരി റിസ്വാന.