 
മുഖ്യമന്ത്രി ഇടപെട്ടു 25 ലക്ഷം രൂപ
കരുനാഗപ്പള്ളി: കുണ്ടും കുഴികളും നിറഞ്ഞ് യാത്രക്കാരെ ഏറെ വലച്ചൊരു റോഡാണ് മരുതൂർക്കുളങ്ങര - മുസ്ലീം പള്ളി റോഡ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതാണ്. ഇനി എത്രയും വേഗം റോഡിന്റെ പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങളായി തകർന്ന് കിടന്ന റോഡിന്റെ നവീകരണത്തിന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. റോഡ് ഉയർത്തി നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഇത്രയും തുക .ഒരു കിലോമീറ്ററോളം ദൈർഘ്യം റോഡിന് വരും. റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിച്ചതോടെയാണ് റോഡിന്റെ ദുരിതാവസ്ഥ ആരംഭിച്ചത്. ഓടയുടെ നിർമ്മാണം പൂർത്തി ആയപ്പോഴേക്കും റോഡിന്റെ വീതി കുറഞ്ഞു.എതിരെ ഒരു ബൈക്ക് വന്നാൽപ്പോലും വാഹനങ്ങൾക്ക് മറികടക്കാൻ സാധിക്കാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കിയ മുഖ്യമന്ത്രി റോഡിന്റെ പുനർ നിർമ്മാണത്തിന് തുക അനുവദിക്കുകയായിരുന്നു. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ തീര മേഖലകളെ ആലുംകടവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
പാതി വഴിയിൽ നിലച്ച് നിർമ്മാണം
കരാറുകാരൻ റോഡിന്റെ പണി ഏറ്റെടുത്തെങ്കിലും പാതി വഴിക്ക് ഉപേക്ഷിച്ച മട്ടാണ്. പള്ളിമുക്കിൽ നിന്നും അര കിലോമീറ്ററോളം വടക്കോട്ട് പണി നടത്തിയെങ്കിലും റോഡിന്റെ പുനർ നിർമ്മാണം അവിടം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ റോഡിന്റെ പുരുദ്ധാരണം തുടങ്ങാവുന്നതേയുള്ളു. എന്നാൽ കരാറുകാരൻ റോഡിന്റെ പുനർ നിർമ്മാണത്തിന് ഇനിയും മുന്നോട്ട് വന്നിട്ടില്ലെന്നാണ് ആക്ഷേപം.
ദുരിതമൊഴിയാതെ
റോഡിന്റെ ടാറിംഗ് നടത്താത്തതിനാൽ റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ ദുരിതത്തിലാണ്. പകൽ സമയങ്ങളിൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഉണ്ടാകുന്ന പൊടി പടലമാണ് നാട്ടുകാർക്ക് വിനയാകുന്നത്. മെറ്റിൽ വിതറി കിടക്കുന്ന റോഡിൽ ഇരു ചക്രവാഹനങ്ങളും സൈക്കിൾ യാത്രക്കാരും മറിഞ്ഞ് വീണ് പരിക്കേൽക്കുന്നത് പതിവാണ്