cpi

 ചരടുവലികൾ ശക്തമാക്കി ഇരുപക്ഷവും

കൊല്ലം: വിഭാഗീയത രൂക്ഷമായ ജില്ലയിലെ സി.പി.ഐയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പുതിയ കലഹത്തിന് സാദ്ധ്യത. ചടയമംഗലത്ത് നിന്ന് വിജയിച്ച ജില്ലാ എക്സിക്യുട്ടീവ് അംഗം സാം.കെ. ഡാനിയലിന് വേണ്ടി കാനം വിരുദ്ധ പക്ഷവും തൊടിയൂരിൽ നിന്നുള്ള അനിൽ.എസ്. കല്ലേലിഭാഗത്തിന് വേണ്ടി കാനം പക്ഷവും ചരടുവലികൾ ശക്തമാക്കി.

പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ 25ന് ചേരുന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം ഇരുപക്ഷവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിന്റെ വേദിയായേക്കും. സംഘടനയുടെ ഏറ്റവും ഉയർന്ന ഘടകത്തിലുള്ളത് സാം.കെ. ഡാനിയലാണെന്നാണ് കാനം വിരുദ്ധ പക്ഷം പറയുന്നത്. എന്നാൽ ഇരുവരും ഒരേ സമയം എ.ഐ.എസ്.എഫ് പ്രവർത്തനം തുടങ്ങിയവരാണെന്നാണ് കാനം പക്ഷത്തിന്റെ വാദം. അനിൽ.എസ്. കല്ലേലിഭാഗം കഴിഞ്ഞ അഞ്ച് വ‌ർഷം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നതിനാൽ ഭരണപരിചയവും ഉണ്ട്. കൊല്ലം മേയറായി പ്രസന്ന ഏണസ്റ്റ് വരുമ്പോൾ അതേ വിഭാഗക്കാരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിലെ അനൗചിത്യവും കാനം പക്ഷം ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷ സമുദായത്തെ അവഗണിക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയും പങ്കുവയ്ക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ സാം.കെ. ഡാനിയലിനും ഭരണപരിചയം ഉണ്ടെന്നാണ് കാനം പക്ഷത്തിന്റെ വാദം.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം നിർണായക തീരുമാനങ്ങളെടുക്കുന്ന ഘട്ടങ്ങളിലെല്ലാം സി.പി.ഐയിൽ ചേരിതിരിവ് പതിവാണ്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രതിനിധികളെ തീരുമാനിക്കാൻ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം സംഘ‌ർഷത്തിന്റെ വക്കോളമെത്തി. സമാനമായ സംഭവങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ.