keti
പുനലൂർ ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി പണിയുന്ന പത്ത് നിലയുളള കെട്ടിട സമുച്ചയത്തിൻെറ അവസാന മിനുക്കു പണികൾ നടക്കുന്നു

68 കോടി രൂപ ചെലവഴിച്ച് പത്ത് നില

പുനലൂർ: ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി 68 കോടി രൂപ ചെലവഴിച്ച് പത്ത് നിലയിൽ നിർമ്മാണം അന്തിമഘട്ടത്തിലായ കെട്ടിട സമുച്ചയം അടുത്ത മാസം 15 ഓടെ മുഖ്യമന്ത്രി നേരിട്ടെത്തി നാടിന് സമർപ്പിക്കും.ഇത് സംബന്ധിച്ച് മന്ത്രി കെ.രാജുവിന്റെ സാന്നിദ്ധ്യത്തിൽമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ചെംബറിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അടക്കമുള്ള ഉദ്യാഗസ്ഥരുടെയും കരാറുകാരുടെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് കെട്ടിട സമർപ്പണത്തെ സംബന്ധിച്ച് ധാരണയായത്.

അവസാന മിനുക്ക് പണിയിൽ

15നകം കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾ പൂർണമായും പൂർത്തിയാക്കി നൽകണമെന്ന് കരാറുകാരന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കെട്ടിട സമുച്ചയത്തിന്റെ പെയിന്റിംഗ് അടക്കമുള്ള പണികൾ പൂർത്തിയാക്കിയ ശേഷം അവസാന മിനുക്ക് പണികളാണ് ഇപ്പോൾ നടന്ന് വരുന്നത്. പത്ത് നിലയും ശിതീരിച്ച കെട്ടിട സമുച്ചയത്തിനുള്ളിൽ കൂറ്റൻ സി.ടി.സ്കാനർ അടക്കമുളള മുഴുവൻ മെഷ്യനുകളും ഫിറ്റ് ചെയ്ത് വരികയാണ്.സമർപ്പണ സമ്മേളനത്തിന്റെ മുന്നോടിയായി പുതിയ കെട്ടിട സമുച്ചയത്തിന്റെ മുന്നിലെ സൂപ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ച പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഭിക്കുന്ന തരത്തിലുളള ആധുനിക ചികിത്സ സൗകര്യങ്ങളായിരിക്കും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കുക.

കൂടുതൽ സൗകര്യങ്ങളോടെ

ആരോഗ്യ രംഗത്ത് സംസ്ഥാനത്തിന് പോലും മാതൃകയായി മാറിയിരിക്കുകയാണ് പുനലൂർ താലൂക്ക് ആശുപത്രി. ജില്ലാ കാൻസർ കെയർ യൂണിറ്റ് അടക്കമുളള അത്യാധുനിക സൗകര്യങ്ങളോടെയാണ് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ഇപ്പോഴും നടന്ന് വരുന്നത്. കിഫ്‌ബിയിൽ നിന്ന് ആരോഗ്യ മേഖലയിൽ ആദ്യമായി അനുവദിച്ച 68 കോടി രൂപ ചെലവഴിച്ചാണ് കൂറ്റൻ കെട്ടിട സമുച്ചയം പണിത് ഉയർത്തിയത്. സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജുവിന്റെ ശ്രമ ഫലമായാണ് തുക അനുവദിച്ചത്.പുതിയ കെട്ടിടത്തിന് സമീപം രണ്ട് മാസം മുമ്പ് 4കോടി രൂപ ചെലവഴിച്ച് മൂന്ന് നിലയിൽ പണിത പുതിയ കെട്ടിടത്തിലാണ് സൂപ്രണ്ടിന്റെ ഓഫീസും അത്യാഹിത വിഭാഗം അടക്കമുളളവ ഇപ്പോൾ പ്രവർത്തിച്ച് വരുന്നത്.പത്ത് നിലയുള്ള കെട്ടിടം നാടിന് സമർപ്പിക്കുന്നതോടെ രോഗികൾക്ക് കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കാനും സ്ഥല പരിമിതിയുടെ അഭാവം ഒഴിവാക്കാനും കഴിയും.