c

കൊല്ലം ടൗൺ ഹാളിൽ ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. കൊല്ലം ടൗൺ ഹാളിൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒരു സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ വീതമേ കടത്തിവിടുള്ളൂ. ഇവർക്കുള്ള പാസുകളും വിതരണം ചെയ്തിട്ടുണ്ട്. വിജയാവേശത്തിൽ കൂടുതൽ പ്രവർത്തകരെത്തി കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ പാസ് പരിശോധിച്ച് മാത്രമേ ഉള്ളിലേക്ക് കടത്തിവിടൂ. ഇതുകൂടാതെ മാദ്ധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമാകും പ്രവേശനം. ടൗൺ ഹാളിൽ 800 ഇരിപ്പിടങ്ങളുണ്ട്. ഇതിൽ അടുത്തുള്ള രണ്ട് കസേരകൾ വീതം ബാൻഡ് ഉപയോഗിച്ച് ബന്ധിച്ചു. മൂന്നാമത്തെ കസേരയിൽ മാത്രമേ ഇരിക്കാൻ സൗകര്യമുള്ളൂ. ഇത്തരത്തിൽ ഏകദേശം 250ലേറെ പേർക്ക് ഹാളിനുള്ളിൽ ഇരിക്കാമെങ്കിലും അത്രയും പേരെ കടത്തിവിടാൻ സാദ്ധ്യതയില്ല. അതിനാൽ തൊട്ടടുത്തുള്ള ഡൈനിംഗ് ഹാളിലും നിശ്ചിത അകലത്തിൽ കസേരകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് വലിയ സ്ക്രീനിൽ തത്സയം പ്രദർശിപ്പിക്കുന്നത്.

രാവിലെ 11.30ന് ആരംഭിക്കും

രാവിലെ 11.30ന് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. കളക്ടർ മുതിർന്ന അംഗമായ പോർട്ട് കൗൺസിലർ ജോർജ് ഡി. കാട്ടിലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് അദ്ദേഹമാകും മറ്റ് കൗൺസിലർമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക. ഉച്ചയ്ക്ക് 1.30 ഓടെ ചടങ്ങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ആദ്യ കൗൺസിൽ

തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ ആദ്യ യോഗം ഇന്ന് കൗൺസിൽ ഹാളിൽ നടക്കും. സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നതിന് തൊട്ടുപിന്നാലെയാകും യോഗം. മുതിർന്ന അംഗമായ ജോർജ് ഡി. കാട്ടിൽ അദ്ധ്യക്ഷത വഹിക്കും. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളുടെ തീയതിയും സമയവും അറിയിച്ച ശേഷം പിരിയും. മേയർ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നുമാണ് നടക്കുക.

ചടങ്ങ് ഒപ്പിയെടുക്കും

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ദുരന്ത നിവാരണ വകുപ്പ് നർദ്ദേശം നൽകിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ സമ്പർക്ക സാദ്ധ്യതയുള്ളവരെ കണ്ടെത്താനാണ് ഈ നിർദ്ദേശം. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ഒരുക്കങ്ങളുടെ ദൃശ്യങ്ങളും ദുരന്തനിവാരണ വകുപ്പിന് ഇന്നലെ കൈമാറി.