bus

കൊല്ലം: കൊവിഡ് വ്യാപനത്തോടെ നിറുത്തിവച്ച കെ.എസ്.ആർ.ടി.സി സർവീസുകളെല്ലാം ജില്ലയിൽ ഇന്ന് മുതൽ കൂട്ടത്തോടെ പുനരാരംഭിക്കും. ജില്ലയിൽ നേരത്തെ അഞ്ഞൂറിന് മുകളിൽ സർവീസുകളാണ് നടത്തിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂർണമായും നിറുത്തിയവ ക്രമേണ പുനരാരംഭിച്ച് കഴിഞ്ഞ ദിവസങ്ങളിൽ 325 സർവീസുകൾ വരെ ഓപ്പറേറ്റ് ചെയ്തിരുന്നു. ഇന്ന് മുതൽ ഏകദേശം 450 സർവീസുകൾ നടത്താനാണ് സാദ്ധ്യത.

സർവീസുകൾ പുനരാരംഭിക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ അടക്കം യാത്രാ ക്ലേശത്തിന് പരിഹാരമാകും. പക്ഷെ കെ.എസ്.ആർ.ടി.സി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ലോക്ക് ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് സർവീസുകൾ അയച്ചിരുന്നത്. നിരത്തിലിറങ്ങുന്ന ബസുകളിൽ പലതും തിരക്കൊഴിഞ്ഞ സമയങ്ങളിൽ ഒതുക്കിയിടുമായിരുന്നു. അതുകൊണ്ട് തന്നെ ഡീസൽ ചെലവ് കുറവായിരുന്നു. അതിനാൽ എല്ലാ ഡിപ്പോകളും ലാഭത്തിലായിരുന്നു. ഇന്നലെ വരെ ഫാസ്റ്റ് സർവീസുകളാണ് കൂടുതലായി നടത്തിയിരുന്നത്. ഇന്ന് മുതൽ ഓർഡിനറി സർവീസുകളടക്കം നിരത്തിലിറങ്ങും. യാത്രക്കാരെ ഇരുത്തി മാത്രം ഓടുന്നതിനാൽ എല്ലാ ഡിപ്പോകളും നഷ്ടത്തിലേക്ക് കൂപ്പുകുത്താനാണ് സാദ്ധ്യത. കൊവിഡിന് മുൻപുള്ള ഷെഡ്യൂളുകളെപ്പറ്റിയും യാത്രക്കാർക്കിടയിൽ വ്യാപക പരാതിയുണ്ട്.

 ഡ്രൈവർ ക്ഷാമം

എല്ലാ സർവീസുകളും ഇന്ന് മുതൽ പുനരാരംഭിക്കാൻ നിർദ്ദേശമുണ്ടെങ്കിലും പല ഡിപ്പോകളിലും ആവശ്യത്തിന് ഡ്രൈവർമാരില്ല. ഇതുവരെ സർവീസുകൾ കുറച്ച് അയച്ചിരുന്നതിനാൽ ഡ്രൈവർ ക്ഷാമം ബാധിച്ചിരുന്നില്ല. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിലാണ് ഡ്രൈവർമാരുടെ എണ്ണം കൂടുതൽ കുറവുള്ളത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ സർവീസ് പഴയ നിലയിലേക്ക് ഉയരാൻ സാദ്ധ്യതയില്ല.

 സർവീസുകൾ (ശരാശരി)

കൊവിഡിന് മുൻപ്: 510

കഴിഞ്ഞ ദിവസങ്ങളിൽ: 325

ഇന്ന് മുതൽ: 450