 
കൊല്ലം: ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലെ 1,596 ജനപ്രതിനിധികൾ ഇന്ന് സത്യ വാചകം ചൊല്ലി അധികാരമേറ്റെടുക്കും. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കൊല്ലം കോർപ്പറേഷനിൽ രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഭരണസമിതിയിലെ ഏറ്റവും മുതിർന്ന അംഗത്തിന് റിട്ടേണിംഗ് ഓഫീസർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുശേഷം മറ്റുള്ള അംഗങ്ങൾക്ക് മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. 68 ഗ്രാമ പഞ്ചായത്തുകളിലായി 1232 അംഗങ്ങൾ, 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 152 അംഗങ്ങൾ, കൊല്ലം ജില്ലാ പഞ്ചായത്തിൽ 26 അംഗങ്ങൾ, കൊല്ലം കോർപറേഷനിൽ 55 അംഗങ്ങൾ, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ, കൊട്ടാരക്കര നഗരസഭകളിലായി 131 അംഗങ്ങൾ എന്നിവരാണ് അധികാരമേൽക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അംഗങ്ങൾ പ്രതിജ്ഞാ രജിസ്റ്ററിലും കക്ഷി ബന്ധം തെളിയിക്കുന്ന രജിസ്റ്ററിലും ഒപ്പിടും. ഈ രജിസ്റ്ററുകൾ ഗ്രാമപഞ്ചായത്തിൽ സൂക്ഷിക്കും. പിന്നീട് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേരും. യോഗത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള നോട്ടീസ് വരണാധികാരി അംഗങ്ങൾക്ക് നൽകും.
 അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 28നും 30നും
കോർപ്പറേഷനിലും നഗരസഭകളിലും അദ്ധ്യക്ഷന്മാരെ 28ന് രാവിലെ 11ന് തീരുമാനിക്കും. ഉച്ചക്ക് ശേഷം ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പും നടക്കും. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് രാവിലെ 11ന് നടക്കും. ഉച്ചക്ക് ശേഷം 2ന് വൈസ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കും. അംഗങ്ങളിൽ നിന്ന് ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്.