
കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസരങ്ങളിലും വാഹന മോഷണം തുടർകഥയാകുന്നു. അടുത്തിടെ ഇഞ്ചക്കാട് ഒരു വീട്ടിലെ പോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന യുവാക്കൾ രണ്ട് ദിവസത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വർക്ക് ഷോപ്പിൽ നിന്ന് കാറുമായി കടന്നു.16ന് രാത്രി 2ന് ഇഞ്ചക്കാട് കാട്ടിൽ പറമ്പിൽ രതീഷിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് യുവാക്കൾ മോഷ്ടിച്ച് കടത്തിയത്. രതീഷ് പൊലീസിന് പരാതി നൽകി . പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ രണ്ട് ദിവസത്തിന് ശേഷം ബൈക്ക് മോഷ്ടിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.ബൈക്ക് കണ്ടെത്തിയ ദിവസം തന്നെ സമീപത്തെ വർക്ക്ഷോപ്പിൽ നിന്നും വർക്ക്ഷോപ്പ് ഉടമയുടെ കാർ മോഷണം പോയി. വർക്ക്ഷോപ്പ് ഉടമ വാഹന റിപ്പയറിംഗിനായി കാസർകോട് പോയി മടങ്ങി വന്നപ്പോഴാണ് കാർ മോഷണം പോയ വിവരം അറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.