c

പാരിപ്പള്ളി: കാമുകീ കാമുകന്മാർ ചേർന്ന് പാരിപ്പള്ളിയിൽ നിന്ന് വാൻ മോഷ്ടിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ കാമുകി പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. അമ്പലപ്പുഴ ഫിനിഷിംഗ് പോയിന്റിന് സമീപം പനക്കംചിറ വീട്ടിൽ ഷിൻസിയാണ് എറണാകുളത്ത് പനങ്ങാട് നിന്ന് പിടിയിലായത്. ഷിൻസിയുടെ കാമുകനും കൂട്ടുപ്രതിയുമായ വിനീത് പനങ്ങാട് നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ 16നാണ് പാരിപ്പള്ളിയിലെ വർക്ക് ഷോപ്പിൽ നിന്ന് മാരുതി ഒാംനി വാൻ ഇവർ കടത്തിയത്. നിരവധി വാഹനമോഷണക്കേസുകളിലും ആയുധംകാട്ടി പണം തട്ടിയ കേസിലും പ്രതികളായ ഇവർ തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ പാരിപ്പള്ളിയിലെത്തിയാണ് വാൻ കടത്തിയത്. വാനിൽ സഞ്ചരിക്കവേ തിരുവല്ല ഭാഗത്ത് വച്ച് കാൽനടയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും പിന്നീട് എറണാകുളത്തേക്ക് കടന്നുകളയുകയുമായിരുന്നു. പാരിപ്പള്ളി എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐമാരായ നൗഫൽ, അനീസ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.