
ഒരാൾക്ക് ഗുരുതര പരിക്ക്
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട്ട് മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മരുതൂർകുളങ്ങര തെക്ക് വിളയിൽ വടക്കതിൽ നവാസ് - നുസ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഷൗഫാൻ (18), വള്ളികുന്നം കാഞ്ഞിപ്പുഴ ആശാന്റയ്യത്ത് കിഴക്കതിൽ റഷീദ് - ഷമീമ ദമ്പതികളുടെ മകൻ റാഷിദ് (25) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മരുതൂർകുളങ്ങര തെക്ക് കാട്ടുവള്ളി കിഴക്കതിൽ ബിലാലിനെ (17) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്ത് നിന്ന് അഴീക്കലിലേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും അഴീക്കലിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ മിനിബസും ചെറിയഴീക്കലിന് തെക്ക് ഭാഗത്ത് വച്ചാണ് കൂട്ടിയിടിച്ചത്.
ഷൗഫാൻ അപകട സ്ഥലത്ത് തന്നെ മരിച്ചു. കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ച് ഏറെ വൈകാതെ റാഷിദും മരിച്ചു. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ.