
കൊല്ലം: കോർപ്പറേഷൻ രൂപീകൃതമായി ഇരുപത് വർഷം പിന്നിട്ടു. നഗരവികസനത്തിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. നിരവധി പദ്ധതികൾ പൂർത്തീകരണത്തിലേക്ക് അടുക്കുന്നുമുണ്ട്. പക്ഷേ ജനങ്ങളുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങൾക്കും ഇനിയും പരിഹാരം കാണേണ്ടതുണ്ട്.
എത്ര ചൂണ്ടിക്കാണിച്ചിട്ടും നാണക്കേടായി അവശേഷിക്കുന്ന കൊല്ലം നഗരത്തിന്റെ ചില ആവശ്യങ്ങൾ പുതിയ ഭരണകർത്താക്കൾക്ക് മുന്നിൽ കേരളകൗമുദി അവതരിപ്പിക്കുന്നു. പുതിയ മേയറും കൗൺസിലർമാരും നഗരത്തിലെ ദയനീയതകൾ 'കണ്ണ് തുറന്ന് കാണും, വേണ്ട നടപടി സീകരിക്കും' എന്ന വിശ്വാസത്തോടെ..
ശങ്ക തോന്നിയാൽ ആശങ്കയാണ്
1. ആറോ ഏഴോ പൊതുടോയ്ലെറ്റുകൾ മാത്രമാണ് നഗരത്തിലുള്ളത്.
2. പരിപാലനത്തിലെ വീഴ്ചമൂലം പലതും ഉപയോഗയോഗ്യമല്ല.
3. മൂക്കുപൊത്താതെ ഇവിടങ്ങളിൽ കയറാനാകില്ല.
4. സ്ത്രീകൾക്ക് പ്രത്യേക ടോയ്ലെറ്റുകൾ ഇല്ല
5. ഇ - ടോയ്ലെറ്റുകൾ പരിപാലനമില്ലാതെ നശിച്ചു.
6. പൊതു ടോയ്ലെറ്റുകൾ എവിടെയെന്ന് അറിയാൻ സൂചനാ ബോർഡുകൾ ഇല്ല.
7. കൊച്ചി, തിരുവനന്തപുരം മാതൃകകൾ കൊല്ലത്ത് നടപ്പാകുന്നില്ല.
ദാഹമകറ്റാൻ ഒരിറ്റ് കുടിവെള്ളമില്ല
1. കൊല്ലം നഗരത്തിൽ പ്രതിദിനം എത്തുന്നത് പതിനായിരങ്ങൾ
2. ദാഹിച്ച് വലഞ്ഞാൽ തൊണ്ട നനയ്ക്കാൻ ഒരിറ്റ് കുടിവെള്ളം കിട്ടാനില്ല.
3. പ്രധാന നഗരങ്ങളിൽ പലയിടങ്ങളിലും കുടിവെള്ള കിയോസ്കുകളുണ്ട്.
4. മഴക്കാലത്ത് പോലും നഗരത്തിൽ എവിടെയും കുടിവെള്ള ക്ഷാമം
5. ടാപ്പുകൾ വഴിയെത്തുന്ന കുടിവെള്ളത്തിൽ മാലിന്യവും ദുർഗന്ധവും
6. വേനൽക്കാലത്ത് ടാങ്കറുകളിലെ കുടിവെള്ള വിതരണം കാര്യക്ഷമമല്ല
7. പൊതുടാപ്പുകൾക്ക് മുന്നിൽ കുടങ്ങൾ നിരത്തി ക്യൂ നിൽക്കേണ്ട അവസ്ഥ.
മൂക്ക് പൊത്തണം നഗരവീഥികളിലൂടെ സഞ്ചരിക്കാൻ
1. മാലിന്യക്കൂമ്പാരങ്ങൾ നഗരത്തിന്റെ അടയാളമാകുകയാണ്.
2. നിരത്തുകളിലുടെ മൂക്ക് പൊത്താതെ നടക്കാനാകില്ല.
3. അജൈവ മാലിന്യം സംസ്കരിക്കാൻ കാര്യക്ഷമായ സംവിധാനമില്ല.
4. വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു.
5. ഹരിതകർമ്മസേന എല്ലാ ഡിവിഷനുകളിലും സജീവമല്ല.
6. മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫുകൾ കാടുകയറി
7. കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നില്ല
8. ചണ്ടി ഡിപ്പോയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യം പോലും സംസ്കരിക്കാതെ കിടപ്പുണ്ട്.
9. മാലിന്യമേഖലകൾ താവളമാക്കിയ തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു.
കത്താതെ, പണം കത്തിക്കുന്ന തെരുവ് വിളക്കുകൾ
1. ഇടറോഡുകളിലും ഇടവഴികളിലും കുറ്റാക്കുറ്റിരുട്ട്
2. പുതുതായി ഇടുന്ന ലൈറ്റുകളുടെ ആയുസ് ഒന്നോ രണ്ടോ ദിവസം
3. കത്താത്ത തെരുവ് വിളക്കുകൾക്കും വൈദ്യുതി ചാർജ്ജ് നൽകുന്നു
4. പരമ്പരാഗത ലൈറ്റുകളിലൂടെ വൻ ഊർജ്ജനഷ്ടം
5. പരിപാലനത്തിന് ചെലവിടുന്നത് ലക്ഷങ്ങൾ
കാൽനടക്കാർ ഭയക്കണം നിരത്തുകളിൽ
1. നഗരഹൃദയത്തിൽ പോലും കാൽനടയാത്രികർക്ക് സൗകര്യമില്ല.
2. നടപ്പാതകളിൽ കൈയേറ്റവും പാർക്കിംഗും മാത്രം.
3. റോഡ് മുറിച്ചുകടക്കുന്നവരെ സഹായിക്കാനും ആളില്ല.