
കൊല്ലം: മുംബൈയിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കൊല്ലം മയ്യനാട് സ്വദേശി മുരളീധരന്റെയും പരേതയായ പുഷ്പയുടെയും മകൻ ഹരീഷിനെയാണ് (33) കാണാതായത്. മുംബൈയിലെ പൂനെയിൽ എയർപോർട്ട് റോഡിൽ സഞ്ജയ് പാർക്ക് ഇൻകോർപ്പ് പെയ്സ് പ്രൈവറ്റ് ലിമിറ്റഡെന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഹരീഷിനെ ഇക്കഴിഞ്ഞ 13 മുതലാണ് ജോലി സ്ഥലത്തു നിന്ന് കാണാതായത്.
നാട്ടിൽ സി.സി ടി.വി കാമറ ഇൻസ്റ്റലേഷൻ വർക്കുകളുടെ കോൺട്രാക്ടറായിരുന്നു ഹരീഷ്. എയർഫോഴ്സ് ഓഫീസുൾപ്പെടെ മുംബൈയിലെ വൻകിട ഓഫീസുകളിൽ സി.സി ടിവികാമറകൾ സ്ഥാപിക്കുന്ന ജോലികൾ കരാറെടുത്ത കമ്പനിയെ സഹായിക്കാനാണ് ഇക്കഴിഞ്ഞ ഒക്ടോബർ 31ന് ഹരീഷ് മുംബൈയിലെത്തിയത്. ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് സേവനമുൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ചുമതലയും കമ്പനി ഹരിഷിനെയായിരുന്നു നിയോഗിച്ചിരുന്നത്.
താമസം ഹോംസ്റ്റേയിൽ
നാട്ടിൽ നിന്ന് മുംബൈയിലെത്തിയതിന് പിന്നാലെ മാവേലിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുളള കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ഹരീഷ് ജോലി സ്ഥലത്തിന് സമീപം തൊഴിലുടമയുടെ പേരിലുള്ള ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഹരീഷ് ഉൾപ്പെടെയുള്ള ജീവനക്കാർക്കായി തൊഴിലുടമ ഇവിടെ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. ഡിസംബർ പന്ത്രണ്ടിന് ജോലികഴിഞ്ഞശേഷം ഹരീഷ് ഭാര്യയെയും അച്ഛനെയും സഹോദരനെയും ഫോണിൽ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം റൂമിൽ നിന്ന് പുറത്ത് പോയ ഹരീഷിനെ രാത്രി നാട്ടിൽ നിന്ന് ഭാര്യ അങ്ങോട്ടും വിളിച്ചിരുന്നു. പുറത്തുപോയ താൻ റൂമിലേക്ക് തിരികെ പോവുകയാണെന്നും റൂമിലെത്തിയശേഷം വിളിക്കാമെന്നും പറഞ്ഞ് ഹരീഷ് ഫോൺകട്ട് ചെയ്തു. റൂമിലെത്തിയ ഹരീഷ് ആഹാരം കഴിഞ്ഞ് ഉറങ്ങാനായിപ്പോയി.
ആരാത്രിയിൽ സംഭവിച്ചതെന്ത്?
ദുരൂഹമായിരുന്നു ആരാത്രി. ഹോംസ്റ്റേയിലെറൂമിൽ ഉറങ്ങാൻ പോയ ഹരീഷിനെ കാണാനില്ലെന്ന വിവരം അടുത്തദിവസം ഉച്ചയോടെയാണ് സ്ഥിരീകരിക്കുന്നത്. ഞയറാഴ്ച അവധിദിവസമായതിനാൽ ഹരീഷ് താമസിച്ചാണ് ഉണരാറുള്ളത്. ഞയറാഴ്ച ദിവസങ്ങളിൽ പ്രഭാത ഭക്ഷണം റെഡിയാക്കി ആദ്യമൊക്കെ കമ്പനി മെസിൽ നിന്ന് ഹരീഷിനെ വിളിക്കാറുണ്ടായിരുന്നെങ്കിലും എഴുന്നേൽക്കാൻ താമസിക്കുന്നതിനാൽ താൻ ഉണരുമ്പോൾ വന്ന് ആഹാരം കഴിച്ചുകൊള്ളാമെന്ന് ഹരീഷ് മെസ് നടത്തിപ്പുകാരോട് പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച പതിനൊന്നുമണിയായിട്ടും പ്രഭാത ഭക്ഷണം കഴിക്കാൻ ഹരീഷ് എത്താതിരുന്നതിനാൽ കമ്പനി എം.ഡി ഉൾപ്പെടെയുള്ളവർ മൊബൈൽഫോണിൽ വിളിച്ചുനോക്കി. ഏറെ നേരം ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. നാട്ടിൽ സഹോദരന്റെ നേതൃത്വത്തിൽ സി.സി ടിവി സ്ഥാപിക്കൽ ജോലികൾ നടക്കുന്നതിനാൽ വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇടയ്ക്കിടെ ഹരീഷ് നാട്ടിലേക്ക് വിളിക്കാറുണ്ട്. ഓൺലൈൻ വഴിയുള്ള ഉപകരണങ്ങളും പർച്ചേസും പേമെന്റും സംബന്ധിച്ച കാര്യങ്ങൾക്കും മറ്റും ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്ന ഹരീഷ് ഞായറാഴ്ച ഉച്ചയായിട്ടും വിളിക്കാതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ വീട്ടുകാർ മുംബൈയിലെ കമ്പനി ഉടമയെ ഫോൺവഴി ബന്ധപ്പെട്ടു. ഉച്ചഭക്ഷണത്തിനും ഹരീഷിനെ കാണാതായപ്പോൾ റൂമിലേക്ക് പോയി നോക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് കമ്പനി ഉടമയ്ക്ക് ഹരീഷിന്റെ അച്ഛന്റെ ഫോണെത്തുന്നത്. ഉടൻ കമ്പനി ഉടമയും സഹപ്രവർത്തകരും റൂമിലെത്തി തിരച്ചിൽ നടത്തുമ്പോഴാണ് ഹരീഷിനെ കാണാനില്ലെന്ന വിവരം അറിയുന്നത്.
ലാപ്ടോപ്പും വസ്ത്രങ്ങളും റൂമിൽ
ലാപ്ടോപ്പും വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം റൂമിൽ ഭദ്രമായുണ്ടായിരുന്നു. കമ്പനിയിലും ഹരീഷ് പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഹരീഷിനെ കണ്ടെത്താനായില്ല. കമ്പനി അധികൃതർ വിവരം നാട്ടിൽ അറിയിച്ചു. അന്ന് വൈകുന്നേരം പൂനെ എയർപോർട്ട് റോഡ് പൊലീസ് സ്റ്റേഷനിൽ കമ്പനി അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും ഹരീഷിനെപ്പറ്റി യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.
ഫോൺ സ്വിച്ച് ഓഫ്
അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു
ഹരീഷിനെ റൂമിൽ നിന്ന് കാണാതായത് മുതൽ ഫോൺ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഹരീഷ് താമസിച്ചിരുന്ന ഹോം സ്റ്റേയിൽ സി.സി ടിവി കാമറയില്ലാത്തതിനാൽ ഹോം സ്റ്റേയിൽ നിന്ന് ഹരീഷ് എവിടേക്ക് പോയെന്ന് ആർക്കും വ്യക്തമല്ല. ഹരീഷിനെ കാണാതായി ദിവസങ്ങൾക്ക് ശേഷവും യാതൊരു അറിവും ഇല്ലാതായതോടെ ഹരീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ് മെന്റ് ബാങ്കുകാരുടെ സഹായത്തോടെ പരിശോധിച്ചു. കാണാതായശേഷം മുംബൈയിലെ ഒരു എ.ടി.എമ്മിൽ നിന്ന് 5000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതൊഴികെ അക്കൗണ്ടിലുണ്ടായിരുന്ന പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു. പണം പിൻവലിച്ചത് ഹരീഷ് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ എ.ടി.എമ്മിലെ സി.സി ടിവി കാമറ ദൃശ്യങ്ങളുണ്ടെങ്കിലേ കഴിയൂ. പണം പിൻവലിച്ച വിവരം മുംബൈ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവരുടെ സഹായത്തോടെ എ.ടി.എമ്മിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചാലേ പണം പിൻവലിച്ചത് ഹരീഷാണോയെന്ന് വ്യക്തമാകൂ.
ബന്ദിയാക്കിയോ എന്ന് സംശയം
തൊട്ടടുത്തായി കമ്പനി ജീവനക്കാർ കൂട്ടമായി താമസിക്കുന്ന ഹോംസ്റ്റേയ്ക്കുളളിൽ കയറി ഹരീഷിനെ പുറത്തുനിന്നുള്ള ആരും തട്ടിക്കൊണ്ടുപോകാനോ കീഴ്പ്പെടുത്താനോ സാദ്ധ്യതയില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയപ്പോൾ കവർച്ചാസംഘങ്ങളോ അക്രമികളോ ഹരീഷിനെ ബന്ദിയാക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോയെന്നാണ് വീട്ടുകാരുടെ സംശയം. ജോലി സംബന്ധമായോ കുടുംബപരമായോ യാതൊരു പ്രശ്നങ്ങളോ സാമ്പത്തിക ബാദ്ധ്യതകളോ ഇല്ലാത്ത ഹരീഷിന് മാറി നിൽക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും എന്ത് കാര്യങ്ങളും തുറന്ന സംസാരിക്കുന്ന പ്രകൃതമായതിനാൽ അത്തരം സംശയങ്ങൾ ഇല്ലെന്നും ഹരീഷിന്റെ പിതാവ് മുരളീധരൻ 'കേരളകൗമുദി ഫ്ളാഷി"നോട് പറഞ്ഞു. മുംബൈയിലെ ജോലിക്കായി നാട്ടിൽ നിന്ന് രണ്ട് ടെക്നീഷ്യൻമാരെ അവിടേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് ഹരീഷിനെ കാണാതായിരിക്കുന്നത്. മുംബൈയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ഹരീഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി ആരംഭിച്ചിട്ടുണ്ട്.