
 ജില്ലാ പഞ്ചായത്ത് ഭരണസാരഥികളുടെ ശ്രദ്ധയ്ക്ക്
കൊല്ലം: ജില്ലാ പഞ്ചായത്തിലെ പുതിയ ഭരണസമിതി ഇന്നലെ സത്യവാചകം ചൊല്ലി അധികാരമേറ്റു. 30ന് രാവിലെ പുതിയ പ്രസിഡന്റിനെയും ഉച്ചയ്‌ക്ക് ശേഷം വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നതോടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
പുതിയ ഭരണസമിതിയിൽ നിന്ന് ക്രിയാത്മക ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നാണ് ജനങ്ങളുടെ നിലപാട്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ, തൊഴിലാളികൾ, ഐ.ടി പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവർ ജില്ലാ പഞ്ചായത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഇടപെടലുകളെ കുറിച്ച് കേരളകൗമുദി അഭിപ്രായം ആരാഞ്ഞിരുന്നു. നാടിന് ഒത്തിരി മോഹങ്ങളുണ്ട്. വേഗത്തിൽ ചെയ്യാവുന്ന ചെറിയ വലിയ കാര്യങ്ങളാണെല്ലാം.
 ജനം പറയുന്നു, അവരുടെ ആവശ്യങ്ങൾ
1. വിത്തിനും വളത്തിനും കൂടുതൽ സബ്സിഡി നൽകണം. കൃഷിക്ക് വേണ്ടതെല്ലാം എത്തിക്കാനും ഉത്പന്നങ്ങൾ വിപണിയിൽ കൊണ്ടുപോകാനും വാഹനങ്ങളെ ആശ്രയിക്കാൻ കഴിയാത്ത പാടങ്ങൾ ഇപ്പോഴും ജില്ലയിലുണ്ട്. ഗ്രാമ പഞ്ചായത്തുകളുമായി ചേർന്ന് ഇത്തരം കേന്ദ്രങ്ങളിൽ വഴി നിർമ്മിക്കണം.
2. പി.എസ്.സി ഉദ്യോഗാർത്ഥികൾക്കായി ബ്ലോക്ക് തലങ്ങളിൽ സൗജന്യ പരിശീലന കേന്ദ്രങ്ങൾ തുറക്കണം. ഇത് സ്ഥിരം സംവിധാനമാക്കണം.
3. വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും സ്വയം തൊഴിൽ യൂണിറ്റുകൾ തുടങ്ങണം. ഉത്പാദനം കൂടി ലക്ഷ്യമിട്ട് സ്ഥിരം യൂണിറ്റാക്കി മാറ്റി തൊഴിൽ അവസരങ്ങൾ ഉയർത്തണം.
4. ജില്ലാ ആശുപത്രിയിൽ ജീവിത ശൈലീ രോഗങ്ങൾക്കായി പ്രത്യേക ബ്ലോക്കും കൂടുതൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കണം.
6. കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ സംരക്ഷണമില്ലാതെ മാലിന്യം മൂടി നശിക്കുകയാണ്. ജില്ലയിലെ കുളങ്ങളുടെ കൃത്യമായ കണക്കെടുക്കണം. ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് സംരക്ഷണമൊരുക്കണം. പ്രാദേശിക കുടിവെള്ള പദ്ധതികൾക്കായി കുളങ്ങളെ ഉപയോഗപ്പെടുത്താം.
7. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വഴിയോര വിശ്രമ കേന്ദ്രങ്ങൾ തുറക്കണം. ടോയ്‌ലെറ്റുകൾ, ജീവിതശൈലീ രോഗ നിർണയ ക്ലിനിക്ക്, കുഞ്ഞുങ്ങളെ മുലയൂട്ടാൻ സൗകര്യം, വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ എന്നിവ വേണം.
8. ജില്ലയുടെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടണം. കൂടുതൽ വ്യവസായ കേന്ദ്രങ്ങൾക്ക് അവസരമൊരുക്കണം.
9. പരിസ്ഥിതി മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യക്ക് അനുസരിച്ചുള്ള സുസ്ഥിര വികസനം സാദ്ധ്യമാക്കണം.
10. റോഡുകളും ഗതാഗത സൗകര്യങ്ങളും ആധുനിക സമൂഹത്തിന് അനുസരിച്ച് രൂപകൽപന ചെയ്യണം.
11. ജില്ലയെ എല്ലാ തരത്തിലും സ്ത്രീ സൗഹൃദമാക്കണം. സ്ത്രീകൾക്കായി യോഗ, കായിക പരിശീലനം എന്നിവ നൽകാൻ ബ്ലോക്ക് തലങ്ങളിൽ സ്ഥിരം കേന്ദ്രം തുറക്കണം.
12. പൊതു വിദ്യാലയങ്ങളെ കൂടുതൽ മികവുറ്റതാക്കണം. ഇംഗ്ലീഷ്, സാങ്കേതികവിദ്യ എന്നിവയിൽ കുട്ടികൾക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കണം.
13. കൂടുതൽ ഓപ്പൺ ജിംനേഷ്യങ്ങൾ തുറക്കണം. സ്കൂളുകളിലെ കായിക പരിശീലനത്തിന് വ്യക്തമായ പദ്ധതികളും കൂടുതൽ സൗകര്യങ്ങളും ഉണ്ടാകണം.
14. ജില്ലയുടെ ടൂറിസം സർക്യൂട്ട് വിപുലമാക്കണം. മൺറോത്തുരുത്തിലുൾപ്പെടെ ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നൽകണം. ഇതിലൂടെ വരുമാനവും തൊഴിലും ലഭിക്കുന്ന അവസരമൊരുക്കണം.
15. പട്ടികജാതി, ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണത്തോടെ പദ്ധതി വേണം. വിദ്യാഭ്യാസം, തൊഴിൽ, വരുമാനം എന്നിവ ഇത്തരം മേഖലകളിൽ എത്തിക്കാൻ പദ്ധതികൾക്കാകണം. പഠനമുറി എന്ന പതിവ് സങ്കൽപ്പനത്തിന് അപ്പുറത്തേക്ക് വിശാലമായി ചിന്തിക്കണം.
16. കുടിവെള്ളം എത്താത്ത മേഖലകൾ കണ്ടെത്തി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികൾക്ക് രൂപം നൽകണം.
17. എല്ലാ പഞ്ചായത്തിലും ഒരു പൊതു കളിസ്ഥലം എന്ന ലക്ഷ്യം പൂർത്തീകരിക്കണം. മൈതാനം ഇല്ലാത്ത ഇടങ്ങളിൽ സ്ഥലം കണ്ടെത്തി മൈതാനം നിർമ്മിക്കണം. നേതൃപരമായ പങ്ക് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം.
18. കൊവിഡാനന്തര കാലത്ത് സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നിലനിറുത്താനും ശ്രമങ്ങൾ വേണം.