
 അഞ്ച് നിയോജക മണ്ഡലങ്ങളിൽ 35,000 ലേറെ വോട്ട്
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് 35,000 ലേറെ വോട്ടുകൾ നേടാനായതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പാർട്ടി നേതൃത്വം പ്രത്യേക തന്ത്രങ്ങൾ മെനയുന്നു.
ചാത്തന്നൂർ, കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി, കുന്നത്തൂർ നിയോജകമണ്ഡലങ്ങളിലാണ് ബി.ജെ.പി വ്യക്തമായ വളർച്ച പ്രകടമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് ബി.ജെ.പിക്ക് ഇത്രയധികം വോട്ട് ലഭിക്കുന്നത്. കേന്ദ്ര ആനുകൂല്യങ്ങൾ പരമാവധി ജനങ്ങളിലെത്തിച്ച് പ്രചാരണം ശക്തമാക്കാനാണ് പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ കല്ലുവാതുക്കൽ, പെരിനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ബി.ജെ.പി സഖ്യം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ത്രിതല പഞ്ചായത്തുകളിൽ 172 പേരാണ് വിജിച്ചത്. പഞ്ചായത്തിൽ 151 വാർഡ് മെമ്പർമാരുണ്ട്. കുണ്ടറ, ചാത്തന്നൂർ നിയോജക മണ്ഡലങ്ങളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും നഗരസഭകളിൽ 13 കൗൺസിലർമാരും കോർപ്പറേഷനിൽ ആറ് കൗൺസിലർമാരും ബി.ജെ.പി അക്കൗണ്ടിലുണ്ട്.
ചില പഞ്ചായത്തുകളിൽ വോട്ട് കുറഞ്ഞെങ്കിലും 35,000 ത്തിലേറെ വോട്ട് കിട്ടിയ നിയോജക മണ്ഡലങ്ങളിലെ എല്ലാ പഞ്ചായത്തുകളിലും വലിയ തോതിൽ വോട്ട് ശതമാനം വർദ്ധിച്ചു. നേരത്തെ ഉണ്ടായിരുന്ന 99 ശതമാനം വാർഡുകൾ നിലനിറുത്താനായതിനൊപ്പം കോൺഗ്രസിന്റെയും ഇടത് മുന്നണിയുടെയും സീറ്റുകൾ പിടിച്ചെടുക്കാനും കഴിഞ്ഞു. 60 പഞ്ചായത്തുകളിൽ ബി.ജെ.പി പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടുതൽ വോട്ടർമാരെ ചേർക്കാനുള്ള പ്രവർത്തനങ്ങളും പാർട്ടി ഊർജ്ജിതമാക്കി.
 നെടുവത്തൂരും കല്ലുവാതുക്കലും
ഏറ്റവും വലിയ ഒറ്റകക്ഷി
ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ നെടുവത്തൂർ, കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ ഭരണം നട
ത്താനൊരുങ്ങുകയാണ് ബി.ജെ.പി. രണ്ടിടത്തും ഒാരോ സീറ്റിലാണ് ബി.ജെ.പി മുന്നിലുള്ളത്. എന്നാൽ ബി.ജെ.പി ഭരണത്തിലെത്താതിരിക്കാൻ ഇടത് - വലത് മുന്നണികൾ ഒന്നിക്കാൻ സാദ്ധ്യതയുണ്ട്. ബി.ജെ.പി ജനാധിപത്യ മര്യാദകൾ പാലിക്കാറുണ്ടെന്നും ഇവരും ഇതേ പാത പിന്തുടരുമെന്നാണ് വിശ്വാസമെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. പോരുവഴി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി ഒരു മുന്നണിയുമായും ഭരണം പങ്കിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
''
അഞ്ചിടത്ത് ബി.ജെ.പി മുന്നണിക്ക് ലഭിച്ച 35,000 ലേറെ വോട്ട് ശുഭസൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയസാദ്ധ്യതയാണ് ഇത് തുറക്കുന്നത്.
ബി.ബി. ഗോപകുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്