 
കൊല്ലം: പാലത്തറയിൽ നിന്ന് വിജയിച്ച ബി.ജെ.പി കൗൺസിലർ എ. അനീഷ് കുമാർ കൂനമ്പായിക്കുളത്തമ്മയുടെ പേരിലും തെക്കുംഭാഗത്ത് നിന്നുള്ള കോൺഗ്രസ് കൗൺസിലർ യേശു ക്രിസ്തുവിന്റെ പേരിലും പ്രതിജ്ഞയെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്തരായി.
അനീഷ് ഒഴികെയുള്ള ബാക്കി ബി.ജെ.പി കൗൺസിലർമാരും സുനിൽ ഒഴികെയുള്ള കോൺഗ്രസ് കൗൺസിലർമാരും ഈശ്വരനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. സി.പി.എം, ആർ.എസ്.പി കൗൺസിലർമാർ ഔദ്യോഗികമായി നൽകിയ സത്യവാചകത്തിലേത് പോലെ ദൃഢ പ്രതിജ്ഞയെടുത്തു.
രാവിലെ 11.30ന് കൊല്ലം ടൗൺഹാളിൽ മുതിർന്ന അംഗം ജോർജ് ഡി. കാട്ടിലിന് കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ജോർജ് കാട്ടിൽ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മീനത്തുചേരി കൗൺസിലർ രാജു നീലകണ്ഠൻ 'കൊല്ലം കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട' എന്ന ഭാഗം ഏറ്റുപറഞ്ഞില്ല.
സത്യപ്രജ്ഞാ ചടങ്ങിന് ശേഷം കൗൺസിൽ ഹാളിൽ ജോർജ് ഡി. കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു. 28ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് വായിച്ച ശേഷം യോഗം വേഗത്തിൽ പിരിഞ്ഞു.