
 പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30ന്
കൊല്ലം: ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യവാചകം ചൊല്ലി അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിലെ ജയൻ സ്‌മാരക ഹാളിൽ മുതിർന്ന അംഗം കൊറ്റങ്കര ഡിവിഷനിലെ എൻ.എസ്. പ്രസന്നകുമാറിന് വരണാധികാരിയായ കളക്ടർ ബി. അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമത്തിൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് എസ്.എസ്. പ്രസന്നകുമാറാണ്.
യു.ഡി.എഫിലെ കലയപുരത്തെ ആർ. രശ്മിയും വെട്ടിക്കവലയിലെ ബ്രിജേഷ് എബ്രഹാമും ഈശ്വര നമാത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ആർ.എസ്.പിയുടെ ചവറയിലെ സി.പി. സുധീഷ് കുമാറും എൽ.ഡി.എഫിന്റെ 23 അംഗങ്ങളും ദൃഢപ്രതിജ്ഞയെടുത്തു.
എൻ.എസ്.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തന്റെ ആദ്യയോഗം ചേർന്നു. 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എം.എൽ.എമാരായ മുല്ലക്കര രത്നാകരൻ, ആർ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സി. രാധാമണി, ആർ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.