leaders

കൊല്ലം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണ തലപ്പത്തേക്ക് ആരൊക്കെയെത്തുമെന്ന് ദിവസങ്ങൾക്കുള്ളിൽ അറിയാം. 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നലെ വരണാധികാരികൾക്ക് മുൻപാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ 30ന് നടക്കും. ചവറയൊഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഇടത് മുന്നണിക്ക് ഭൂരിപക്ഷമുണ്ട്. ഇടത് മുന്നണി അധികാരം നേടിയ പഞ്ചായത്തുകളിൽ ആദ്യം ആര് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്നത് സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിൽ ചർച്ച നടക്കും. 2015ലെ കീഴ്‌വഴക്കങ്ങൾ അതേ തരത്തിൽ തുടരാനാണ് സാദ്ധ്യത. പാർട്ടികൾക്കുള്ളിൽ ആര് പ്രസിഡന്റ് ആകണമെന്ന കാര്യത്തിൽ അനൗദ്യോഗിക ധാരണ രൂപപ്പെട്ടിട്ടുണ്ട്. ഓച്ചിറ, അഞ്ചൽ, ചിറ്റുമല, മുഖത്തല, ചടയമംഗലം, പത്തനാപുരം എന്നിങ്ങനെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ വനിതകളാണ് പ്രസിഡന്റാവുക. ഇതിൽ പത്തനാപുരത്തെ പ്രസിഡന്റ് പദം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തിരിക്കുകയാണ്. കൊട്ടരക്കരയിൽ പ്രസിഡന്റ് പദവിയിലെത്തുക പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളാകും. ശേഷിക്കുന്ന നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ് പദവി പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിട്ടില്ല. യു.ഡി.എഫ് എട്ട് സീറ്റ് നേടിയ ചവറ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് 5, ആർ.എസ്.പി 2, മുസ്ലിം ലീഗ് 1 എന്നിങ്ങനെയാണ് കക്ഷിനില.