
 ധാരണാപത്രം ഉടൻ ഒപ്പിടും
കൊല്ലം: മുംബയ് സർവകലാശാലയിൽ ശ്രീനാരായണദർശനം വൈകാതെ പഠനവിഷയമാകും. കോഴ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച ധാരണാപത്രം സർവകലാശാല അധികൃതരും, ഡൽഹി ആസ്ഥാനമായ യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി) ഭാരവാഹികളും തമ്മിൽ ഉടൻ ഒപ്പിടും. ഇത് സംബന്ധിച്ച് സർവകലാശാല രജിസ്ട്രാർ ഇൻ ചർജ് എസ്.എൻ.ജി.സി ഭാരവാഹികൾക്ക് കത്ത് നൽകി.
750 കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുംബയ് സർവകലാശാലയിൽ ഗുരുദേവന്റെ അദ്വൈത വേദാന്ത ദർശനം ആസ്പദമാക്കി ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ കോഴ്സുകളാകും ആദ്യഘട്ടത്തിൽ. പിന്നീട് എം.എ ഫിലോസഫി, എം.ഫിൽ കോഴ്സുകളും, ഗവേഷണവും ആരംഭിക്കും.
എസ്.എൻ.ജി.സി 2019ൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുംബയ് സർവകലാശാല ഇതേക്കുറിച്ച് ആലോചന തുടങ്ങിയത്. സർവകലാശാലയിലെ ഫിലോസഫി വിഭാഗം ബോർഡ് ഒഫ് സ്റ്റഡീസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രമുഖ കോളേജുകളിലെ ചരിത്ര, തത്വശാസ്ത്ര വിഭാഗം അദ്ധ്യാപകരുമായി ചർച്ചയും സാദ്ധ്യതാ പഠനവും നടത്തി. സർവകലാശാലയുടെ മാനേജ്മെന്റ് കൗൺസിൽ കോഴ്സ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പുസ്തകങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടിയുടെ കോർപ്പസ് ഫണ്ട്
എസ്.എൻ.ജി.സി വാഗ്ദാനം ചെയ്തു. ഈ തുകയുടെ പലിശ ഉപയോഗിച്ച് കോഴ്സുകൾ നടത്തും.
''സർവകലാശാലയുമായി ധാരണാപത്രം ഉടൻ ഒപ്പിടും. സർവകലാശാലയ്ക്ക് നൽകാനുള്ള കോർപ്പസ് ഫണ്ടിൽ 80 ലക്ഷം രൂപ പലരിൽ നിന്നായി സമാഹരിച്ചു''.
-വി.കെ. മുഹമ്മദ്
എസ്.എൻ.ജി.സി, ഡൽഹി