bypass-1
കൊല്ലം ബൈപ്പാസിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തുന്നു

കൊട്ടിയം: മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസ് റോഡിലെ അപകടങ്ങളൊഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തി. ബൈപ്പാസിൽ ബ്ലിംഗിഗ് ലൈറ്റുകളും കാമറകളും ഉൾപ്പെടെ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ സംഘം അടയാളപ്പെടുത്തി.

ബൈപാസ് റോഡിൽ അപകടങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. അമിതവേഗത, ഹെൽമറ്റില്ലാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ ഇരുന്നുള്ള യാത്ര എന്നിവ കണ്ടുപിടിക്കുന്നതിനുള്ള കാമറകളും 33 മഞ്ഞ ബ്ലിങ്കിംഗ്‌ ലൈറ്റുകളും എട്ട് ചുവപ്പ് ലൈറ്റുകളുമാണ് വിവിധ ഇടങ്ങളിലായി സ്ഥാപിക്കുന്നത്. അയത്തിൽ ജംഗ്ഷൻ, കല്ലുംതാഴം, കടവൂർ എന്നിവിടങ്ങളിലും അയത്തിൽ റോയൽ ഓഡിറ്റോറിയത്തിന് സമീപം അമിതവേഗക്കാരെ പിടികൂടുന്നതിനായി റോഡിന് കുറുകെയും കാമറകൾ സ്ഥാപിക്കും. മങ്ങാട്, കടവൂർ പാലങ്ങളിൽ അമിതവേഗത കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കൂടാതെ ബൈപ്പാസ് തുടങ്ങുന്ന മേവറം ജംഗ്ഷന് സമീപം, പാലത്തറ ജംഗ്‌ഷൻ, ശ്രീനാരായണാ പബ്ലിക് സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ബ്ളിംഗിംഗ് ലൈറ്റുകളും സ്ഥാപിക്കും.

പി.ഡബ്ളിയു.ഡി ഇലക്ട്രോണിക്സ് വിഭാഗം എ.എക്സ്.ഇ ബിന്ദു, ദേശീയപാതാ വിഭാഗം എ.എക്സ്.ഇ. ജ്യോതി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജു, ട്രാഫിക് എൻഫോഴ്സ്‌മെന്റ് എസ്.ഐ പ്രദീപ്, ബൈപ്പാസിന്റെ നിർമ്മാണം നടത്തിയ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിലെ ക്വാളിറ്റി എൻജിനിയർ പി.എസ്. സുജിത്, ദേശീയപാത ബൈപാസ് എ.ഇ ജയനി, പി.ഡബ്ലിയു.ഡി ഓവർസിയർമാരായ പ്രിതി, ചിത്ര തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

 പ്രത്യേക പരിശോധന

ബൈപ്പാസിൽ അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ ചീറ്റാ പൊലീസ്, ഇന്റർസെപ്ടർ, കൺട്രോൾ റൂം പൊലീസ് തുടങ്ങിയവർ പട്രോളിംഗ് ആരംഭിച്ചു.