
 തമിഴ്നാട് സ്വദേശി പിടിയിൽ
കൊല്ലം: ക്യു.എ.സി റോഡിലെ നടപ്പാതയിൽ പതിവായി അന്തിയുറങ്ങിയിരുന്നയാൾ കുത്തേറ്റ് മരിച്ചു. ചിറക്കര സ്വദേശി മണികണ്ഠപിള്ളയാണ് (57) മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി രാജയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഏഴോടെ വഴിയാത്രക്കാരാണ് മണികണ്ഠപിള്ള മരിച്ചുകിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇൻക്വസ്റ്റിനിടെ മണികണ്ഠപിള്ളയുടെ നെഞ്ചിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഉടൻ പൊലീസ് ക്യു.എ.സിയിലെത്തി സ്ഥലത്ത് പതിവായി അന്തിയുറങ്ങുന്നവരെ ചോദ്യം ചെയ്തു.
അവരിൽ ഒരാൾ പുലർച്ചെയോടെ മണികണ്ഠപിള്ളയും രാജയും തമ്മിലുണ്ടായ അടിപിടിക്കിടയിൽ കുത്തേറ്റെന്ന് വെളിപ്പെടുത്തി. ഈ സമയം മദ്യലഹരിയിൽ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു രാജ. പൊലീസ് രാജയുടെ സഞ്ചി പരിശോധിച്ചപ്പോൾ കുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി കണ്ടെത്തി. രക്ത പാടുകളും കത്തിയിൽ ഉണ്ടായിരുന്നു.
ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉള്ളതിനാൽ രാജയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലുണ്ടായ അടിപിടിക്കിടയിലായിരിക്കാം കൊലപാതകമെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. സ്ഥലത്ത് പതിവായി അന്തിയുറങ്ങുന്ന മറ്റുള്ളവരുടെ മൊഴിയും ശേഖരിച്ച് വരികയാണ്. ചായക്കടകളിൽ ജോലി ചെയ്തുവരികയായിരുന്ന മണികണ്ഠപിള്ള കുടുംബവുമായി അകൽച്ചയിലാണെന്നും പൊലീസ് പറഞ്ഞു.