 
കൊല്ലം: ബുള്ളറ്റ് പ്രേമികളുടെ പ്രിയപ്പെട്ട മെക്കാനിക്ക് 'ബുള്ളറ്റ് മണി' വീണ്ടും ടോപ്പ് ഗിയറിൽ!. രാജ്യത്തെ പ്രമുഖ ധനകാര്യ ദിനപത്രമായ മിന്റിന്റെ മുൻ എഡിറ്ററും സീനിയർ ബിസിനസ് ജേണലിസ്റ്റുമായ അമൃത് രാജിന്റെ 'ഇന്ത്യൻ ഐക്കൺ; എ കൾട്ട് കാൾഡ് റോയൽ എൻഫീൽഡ്' എന്ന പുതിയ പുസ്തകത്തിൽ ബുള്ളറ്ര് മണിയും ഇടംനേടി.
റോയൽ എൻഫീൽഡ് കമ്പനിയുടെ വിജയചരിത്രം വിവരിക്കുന്ന പുസ്തകത്തിന്റെ ആമുഖത്തിൽ 'റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിന്റെ കഥ, ഇവരുടെ കൂടി കഥയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ബുള്ളറ്റിനെ നെഞ്ചോട് ചേർത്ത ഏഴുപേരുടെ കഥ രചയിതാവ് പറയുന്നത്. റോയൽ എൻഫീൽഡ് കമ്പനിയുടെ ഔദ്യോഗിക ചരിത്രകാരനും എഴുത്തുകാരനുമായ ഇംഗ്ളണ്ട് സ്വദേശി ഗോർഡൻ മേയ്, ഫ്രാൻസിലെ വിന്റേജ് റൈഡ്സ് എന്ന റൈഡിംഗ് കമ്പനിയുടെ സ്ഥാപകൻ അലക്സാണ്ടർ സെർച്ചർ തുടങ്ങിയ പ്രമുഖരാണ് പുസ്തകത്തിന്റെ ആമുഖത്തിൽ പ്രതിപാദിക്കുന്ന മറ്റുള്ളവർ.
1955ൽ തിരുവനന്തപുരത്ത് ജനിച്ച പി. തങ്കമണി എന്ന ഇന്നത്തെ ബുള്ളറ്റ് മണി ജനിക്കുമ്പോൾ ഇന്ത്യയിൽ ബുള്ളറ്റുകൾ നിർമ്മിക്കാൻ ഇംഗ്ളണ്ടിലെ റോയൽ എൻഫീൽഡ് കമ്പനി ചെന്നൈയിലുള്ള മദ്രാസ് മോട്ടോഴ്സുമായി കരാറിലേർപ്പെട്ടിരുന്നു. അന്ന് മുതൽ റോയൽ എൻഫീൽഡും 'ബുള്ളറ്റ്' എന്ന നാമവും പി. തങ്കമണിയിലേക്ക് എത്തുന്നത് വരെയുള്ള ചരിത്രം പുസ്തകത്തിൽ പറയുന്നു. പത്താം വയസിൽ തന്റെ കളിക്കോപ്പുകൾ മോടിപിടിപ്പിച്ചിരുന്ന മണി, ഇന്ന് എൻജിന്റെ ശബ്ദം കേട്ടാൽ ബുള്ളറ്റിന്റെ കുഴപ്പങ്ങൾ എണ്ണിയെണ്ണി പറയുന്ന തരത്തിൽ ലോകമറിയുന്ന മെക്കാനിക്കായി മാറിയ കഥ ആ ചരിത്രത്തിന്റെ ഭാഗമാണ്.
1976ൽ കൊല്ലത്തേക്ക് താമസം മാറിയ മണി മരിക്കാർ മോട്ടേഴ്സിൽ മെക്കാനിക്കായി ജോലി ആരംഭിച്ചു. മണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കമ്പനി അധികൃതർ അദ്ദേഹത്തെ ചെന്നൈയിലെ തിരുവട്ടിയൂരുള്ള റോയൽ എൻഫീൽഡ് ഫാക്ടറിയിൽ പരിശീലനത്തിനയച്ചു. പരിശീലനം പൂർത്തിയാക്കി മടങ്ങിവന്ന ശേഷം റോയൽ എൻഫീൽഡ് ബൈക്കുകൾ നന്നാക്കുന്നതിന് മാത്രമായി 'എൻഫീൽഡ് ഇന്ത്യ ഓട്ടോ ഗാരേജ്' എന്ന പേരിൽ കൊല്ലത്ത് വർക്ക്ഷോപ്പ് ആരംഭിച്ചു.
അന്ന് മുതൽ ഇന്നുവരെ രണ്ടര ലക്ഷത്തിലധികം ബുള്ളറ്റുകളാണ് മണി ശരിയാക്കി നൽകിയത്. എഴുന്നൂറിലധികം മെക്കാനിക്കുകൾക്ക് പരിശീലനവും നൽകി. ഇന്ന് രാജ്യത്തിനകത്തും പുറത്തും നിന്നുവരെ ബുള്ളറ്റ് ശരിയാക്കാൻ മണിയെ തേടിയെത്തുന്നവരുണ്ട്. ഡൽഹി ആസ്ഥാനമായ വെസ്റ്റ്ലാൻഡ് ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.