 
പ്രതിവർഷം
35ലക്ഷം രൂപ
വാടക ഇനത്തിൽ
നഗരസഭയ്ക്ക്
കൊല്ലം: നഗരസഭയുടെ പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ നടത്തി അധികാരമേറ്റതോടെ കൊട്ടാരക്കര ചന്ത വീണ്ടും വികസന സ്വപ്നങ്ങൾ കാണുകയാണ്. കാലങ്ങളായി ചന്തയുടെ വികസനകാര്യത്തിൽ അധികൃതർ കാട്ടുന്ന ഉദാസീനത ഇനിയെങ്കിലും മാറുമെന്നാണ് ചെറുകിട വിൽപ്പനക്കാരുടെയും പ്രതീക്ഷ.
പഞ്ചായത്തിന്റെ പരിമിതികൾ മാറി നഗരസഭ ആയി അഞ്ച് വർഷം പിന്നിട്ടിട്ടും ചന്തയ്ക്ക് വേണ്ട അടിസ്ഥാന വികസനംപോലും നടപ്പാക്കാത്തതിന്റെ പ്രതിഷേധവും രൂക്ഷമാണ്.
തട്ടിക്കൂട്ട് ചന്ത
തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് പട്ടണത്തിലെ ഏറെ ജനത്തിരക്കുള്ള ചന്ത ഇപ്പോഴും പ്രവർത്തിക്കുന്നത്. വേണ്ടുവോളം സ്ഥല സൗകര്യങ്ങളുണ്ടെങ്കിലും പല തട്ടിലാക്കി മാറ്റി. കെട്ടിടം പണിതത് പാതിവഴിയിൽ ഉപേക്ഷിച്ചു. വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷവും ഷീറ്റ് മേഞ്ഞ മത്സ്യ വിപണന കേന്ദ്രവും പ്ളാസ്റ്റിക് ഷീറ്റുകൾ കൊണ്ടുമറച്ച കച്ചവട സ്ഥാപനങ്ങളും തീരെ മോശം ഇറച്ചി സ്റ്റാളുകളുമൊക്കെയാണ് ഈ ചന്തയിൽ എന്നത്തെയും സ്ഥിതി. ഇറച്ചി വിൽപ്പന സ്റ്റാളും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സ്ളോട്ടർ ഹൗസ് ഇവിടെ അനുവദിച്ചിട്ടില്ല. സമീപത്തെ പുരയിടത്തിൽ വച്ച് കന്നുകാലികളെ കശാപ്പുചെയ്ത ശേഷമാണ് ചന്തയിലെ വിൽപ്പന സ്റ്റാളിലെത്തിക്കുന്നത്.
സഞ്ചരിക്കാൻ വഴിയില്ല
സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ എപ്പോഴും വന്നുപോകുന്ന ചന്തയിൽ സ്വസ്ഥമായി സഞ്ചരിക്കാൻ വഴിയില്ല. വൈകുന്നേരങ്ങളിലും ഞായറാഴ്ച രാവിലെയും ആളുകൾ കൂടുതലായി ചന്തയിലേക്കെത്തും. ഒരു ഭാഗത്ത് കൽപ്പടവുകളും മറുഭാഗത്ത് കോൺക്രീറ്റ് നിരപ്പുമുണ്ട്. വീതി തീരെ കുറവും ഉള്ളത് വൃത്തിഹീനവുമാണ്. മീൻ ഉണക്കാനിടുന്നതും ഇവിടെയാണ്. സാധനങ്ങൾ ഇഷ്ടാനുസരണം വാങ്ങാനുള്ള ഇടമില്ലാത്ത സ്ഥിതിയാണ്. കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കഴിഞ്ഞ അഞ്ചു വർഷവും ഭരണസമിതി പ്രഖ്യാപനങ്ങൾ നടത്തിയതല്ലാതെ ഒന്നും ചെയ്തില്ല.
വരുമാനം ലക്ഷങ്ങൾ,
വികസനക്കാര്യം മിണ്ടരുത്
ചന്തയിൽ നിന്നും പ്രതിവർഷം മുപ്പത്തഞ്ച് ലക്ഷം രൂപയാണ് വാടക ഇനത്തിൽത്തന്നെ നഗരസഭയ്ക്ക് ലഭിക്കുന്നത്. ഈ തുക വാങ്ങുമ്പോൾ പോലും അതിനനുസരിച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ നഗരസഭ തീരെ താത്പര്യമെടുക്കാറില്ല. അറുപതിൽപ്പരം കടകളാണ് ചന്തയിൽ ഉള്ളത്. അടുപ്പുകൂട്ടിയപോലെയാണ് കച്ചവട സ്ഥാപനങ്ങൾ. സുരക്ഷിത സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഒരു വർഷം മുൻപ് തീ പിടിത്തം ഉണ്ടായപ്പോൾ മൊത്തം വ്യാപാര സ്ഥാപനങ്ങളും കത്തിനശിക്കേണ്ടതായിരുന്നു. ഫയർഫോഴ്സും പൊലീസും നിമിഷനേരംകൊണ്ട് ഇടപെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ചന്തയിലെ ദുരിതങ്ങളിലേക്ക് ആളുകൾ എത്താൻ മടിച്ചതോടെ വഴിയോരങ്ങളിലെല്ലാം ഇപ്പോൾ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇനിയും വികസനകാര്യത്തിൽ അധികൃതർ താത്പര്യമെടുത്തില്ലെങ്കിൽ കൊട്ടാരക്കര ചന്ത അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകും.