
കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം ആണുങ്ങളും ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് മുണ്ടും ഷർട്ടും ധരിച്ചാണ്. തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ വാർഡിൽ നിന്ന് വിജയിച്ച സജാദ് എത്തിയത് മണവാളന്റെ വേഷത്തിൽ സ്യൂട്ട് ധരിച്ച്. വെറുതെ ഇട്ടതല്ല, മുൻകൂട്ടി നിശ്ചയിച്ച സജാദിന്റെ വിവാഹദിനത്തിൽ തന്നെ അവിചാരിതമായി സത്യപ്രതിജ്ഞയും വന്നുചേരുകയായിരുന്നു.
രണ്ടു മാസം മുൻപാണ് സജാദിന്റെ വിവാഹം നിശ്ചയിച്ചത്. അന്നുതന്നെ വിവാഹത്തിന്റെ തീയതിയും കുറിച്ചിരുന്നു. പിന്നീടാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം 17ന് പള്ളിയിൽ വച്ചായിരുന്നു നിക്കാഹ്. വിജയിച്ചപ്പോഴും സത്യപ്രതിജ്ഞ വിവാഹ ദിനത്തിൽ തന്നെ ആകുമെന്ന് കരുതിയില്ല. തീയതി വന്നതോടെ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് കാര്യം ബോധിപ്പിച്ചു. 21ന് രാവിലെ 11.45 നായിരുന്നു വിവാഹം. വാർഡുകളുടെ മുൻഗണനാക്രമത്തിൽ സത്യപ്രതിജ്ഞ നടത്തിയാൽ വധുഗൃഹത്തിൽ നടക്കുന്ന വിവാഹത്തിന് എത്താൻ കഴിയില്ല. ഇതോടെ ഏറ്റവും മുതിർന്ന അംഗത്തിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം രണ്ടാമതായി അവസരം നൽകാമെന്ന് സെക്രട്ടറി ഉറപ്പു നൽകി. പത്തരയോടെ ചടങ്ങുകൾ തുടങ്ങിയപ്പോൾ സജാദിനൊരു ടെൻഷൻ. രണ്ടുപേരുടേതു കൂടി കഴിയട്ടെയെന്ന് സജാദ് പറഞ്ഞു. അങ്ങനെ നാലാമതായി സത്യപ്രതിജ്ഞ ചെയ്തശേഷം കതിർമണ്ഡപത്തിലേക്ക് പാഞ്ഞു.
കണ്ണനല്ലൂർ എടപ്പാം തോട് അബ്ദുൽ സലിമിന്റെയും മിസിരിയ ബായിയുടെയും മകൾ അൻസിയാണ് വധു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സജാദ് 48 വോട്ടിനാണ് വിജയിച്ചത്. കണ്ണനല്ലൂർ മേനാംകുടിയിൽ സലിം സഫൂറ ദമ്പതികളുടെ മകനാണ്.