 
ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസർ ഇ.എസ്. അംബിക കലയ്ക്കോട് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം എൻ. സദാനന്ദൻപിള്ളയ്ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് എൻ. സദാനന്ദൻപിള്ള മറ്റുള്ളവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപവരണാധികാരിയും ഇത്തിക്കര ബി.ഡി.ഒയുമായ എസ്. ശംഭു, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചിറക്കര ഗ്രാമ പഞ്ചായത്തിൽ മുതിർന്ന അംഗം കെ. സുരേന്ദ്രൻ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ഇത്തിക്കര ബ്ലോക്ക് എ.എക്‌സ്.ഇ ജ്യോതി വിദ്യാധരൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി സുരേഷ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. പ്രേമചന്ദ്രൻ ആശാൻ, ടി.ആർ. ദീപു, മുൻ അംഗങ്ങളായ റാംകുമാർ രാമൻ, ബിന്ദു സുനിൽ, ഉല്ലാസ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ വരണാധികാരി ചാത്തന്നൂർ എ.ഇ ഓഫീസ് സീനിയർ സൂപ്രണ്ട് എം.ബി. ബിനോയി മുതിർന്ന അംഗം ലീലാമ്മ ചാക്കോയ്ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി വിനോദ്, മുൻ പ്രസിഡന്റ് നിമ്മി തുടങ്ങിയവർ പങ്കെടുത്തു. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ വരണാധികാരി വിജയകുമാർ മുതിർന്ന അംഗം നദീറ കൊച്ചസന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് സെക്രട്ടറി ബിജു സി. നായർ, മുൻ പ്രസിഡന്റുമാരായ എം. സുന്ദരേശൻപിള്ള, എം. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
കല്ലുവാതുക്കൽ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുതിർന്ന അംഗം എഴിപ്പുറം വാർഡംഗം മുരളീധരന് റിട്ടേണിംഗ് ഒാഫീസർ ബീന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പിന്നീട് മുരളീധരൻ മറ്റ് അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അംഗങ്ങൾക്ക് വൃക്ഷത്തൈകളും പഞ്ചായത്ത് രാജ് ആക്ട് പുസ്തകവും വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, പഞ്ചയത്ത് സെക്രട്ടറി ബിജു ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30ന് നടക്കും.