
കുന്നത്തൂർ : താലൂക്കിലെ ത്രിതല പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും മുതിർന്ന അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.മുതിർന്ന അംഗങ്ങൾക്ക് അതാത് റിട്ടേണിംഗ് ഓഫീസർമാരാണ് പ്രതിജ്ഞ ചൊല്ലി കൊടുത്തത്. തുടർന്ന് അധികാരമേറ്റ അംഗങ്ങളുടെ ആദ്യ യോഗവും നടന്നു.
മൈനാഗപ്പള്ളി പഞ്ചായത്തിൽ
പുതിയ അംഗങ്ങൾ അധികാരമേറ്റു.മൈനാഗപ്പള്ളി പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മുതിർന്ന അംഗം പി.എം. സെയ്ദ് സത്യവാചകം ചൊല്ലി കൊടുത്തു.ഇവിടെ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിലാണ് ഭരണം പിടിച്ചെടുത്തത്. 22 വാർഡുകളിൽ 14 വാർഡുകളിലും വിജയിച്ചത് യു.ഡി.എഫ് പ്രതിനിധികളാണ്.
ശൂരനാട് വടക്ക് പഞ്ചായത്തിൽ
എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത ശൂരനാട് വടക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം ഖദീജാ ബീവി അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.18 വാർഡുകളിൽ 9 വാർഡുകളിലും വിജയിച്ചത് യു.ഡി.എഫ് പ്രതിനിധികളാണ്.
പോരുവഴി പഞ്ചായത്തിൽ
പോരുവഴി പഞ്ചായത്തിൽ മുതിർന്ന അംഗം ജി.മോഹനൻ പിള്ള സത്യവാചകം ചൊല്ലി കൊടുത്തു.ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ യു.ഡി.എഫ്- 5, എൽ.ഡി.എഫ് - 5, ബി.ജെ.പി- 5, എസ്.ഡി .പി .ഐ - 3 എന്നിങ്ങനെയാണ് കക്ഷിനില.
കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ
കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം വത്സല സത്യവാചകം ചൊല്ലി കൊടുത്തു.കുന്നത്തൂർ രണ്ടാം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര അംഗം രാജു തരകൻ കൊവിഡ് ചികിത്സയിലായതിനാൽ പി.പി.ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.ഇവിടെയും കേവല ഭൂരിപക്ഷം ഒരു മുന്നണിക്കുമില്ല.
പടിഞ്ഞാറെ കല്ലടയിൽ
പടിഞ്ഞാറെ കല്ലടയിൽ എൻ.ശിവാനന്ദൻ സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു.14 ൽ 8 സീറ്റ് കരസ്ഥമാക്കിയ എൽ.ഡി.എഫ് ഇവിടെ ഭരണം നിലനിറുത്തി.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം മുരളീധരൻ പിള്ള സത്യവാചകം ചൊല്ലി കൊടുത്തു.19 ൽ 10 സീറ്റ് കരസ്ഥമാക്കിയ എൽ.ഡി.എഫ് ഇവിടെ ഭരണം നിലനിറുത്തി. പട്ടികജാതി വനിതയ്ക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.
ശൂരനാട് തെക്ക് പഞ്ചായത്തിൽ
ശൂരനാട് തെക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം ഗീതാഭായി ടീച്ചർ സത്യവാചകം ചൊല്ലി കൊടുത്തു.16 ൽ 8 സീറ്റ് നേടി എൽ.ഡി.എഫ് ഭരണം നിലനിറുത്തി.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം ആനയടി ഡിവിഷനിൽ നിന്ന് വിജയിച്ച പങ്കജാക്ഷൻ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.14 ൽ 9 സീറ്റ് നേടിയ എൽ.ഡി.എഫ് ഇവിടെ ഭരണം നിലനിറുത്തി.