
കൊല്ലം: തിരുമുല്ലവാരത്ത് നിന്ന് വിജയിച്ച എസ്.എഫ്.ഐ നേതാവ് യു. പവിത്രയെ കൊല്ലം മേയറാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണയായതായി സൂചന. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ രാവിലെ 11ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. അതിന് മുൻപ് ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗവും നടക്കും. ഈ യോഗങ്ങളിൽ മേയറെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
പവിത്ര നിലവിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ചവറ ഗവ. കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിൽ സജീവമായി. കോളേജ് യൂണിയൻ ചെയർപേഴ്സണായി. പിന്നിട് കേരളസർവകലാശാല സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച തിരുമുല്ലവാരത്ത് 144 വോട്ടിന് പവിത്ര അട്ടിമറി വിജയം നേടുകയായിരുന്നു.
ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി എന്നിവരുടെ പേരുകളും ഉയരും.