koodam

തിരുവനന്തപുരം: വർഷങ്ങളുടെ പഴക്കമുള്ള കൂടത്തിൽ കേസിൽ അടിയും ഇടിയും വിരട്ടലുമില്ലാതെ നേരറിയാൻ അന്വേഷണ സംഘം പുറത്തെടുക്കുന്നത് പുതു തന്ത്രം. മൊഴികളിലെ വൈരുദ്ധ്യങ്ങളെ ശാസ്ത്രീയ തെളിവുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുചോദ്യങ്ങളിലൂടെയും പൊളിച്ചടുക്കി മറച്ചുവച്ച രഹസ്യങ്ങളെ അടപടലേ പുറത്തുചാടിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

കാലപ്പഴക്കമുള്ള കേസായതിനാൽ പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന വിചാരണവേളയിലെ പ്രതികളുടെ സ്ഥിരം ആക്ഷേപം കൂടത്തിൽ കേസിൽ വിലപ്പോവില്ലെന്ന് സാരം. സ്വത്ത് തട്ടിപ്പിലുപരി കൂടത്തിൽ തറവാട്ടിലെ ജയമാധവന്റെ ദുരൂഹമരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കുള്ള ചില തെളിവുകൾ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുകയും കുറ്റകൃത്യം തെളിയിക്കുകയുമാണ് പൊലീസിന്റെ അടുത്തപണി. ഇതിനായി കൂടത്തിലുമായും കൊല്ലപ്പെട്ട ജയമാധവനുമായും അടുത്ത് സഹകരിച്ചിരുന്ന മൂന്നുപേരെയാണ് ക്രൈംബ്രാഞ്ച് ഉന്നംവയ്ക്കുന്നത്. ഈ മൂന്നുപേരെയും ഉടൻ അന്വേഷണസംഘം വിശദചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

കളളം പൊളിയും

കൂടത്തിലുമായി ബന്ധപ്പെട്ട് കരമന പൊലീസിനും ഇന്റലിജൻസിനും ജില്ലാ ക്രൈംബ്രാഞ്ചിനും പ്രത്യേക അന്വേഷണ സംഘത്തിനും ഇവർ നൽകിയ മൊഴികൾ വിശദമായി പരിശോധിക്കും. നാല് തവണയായി ഇവർ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളിലും പൊരുത്തക്കേടുകളിൽ നിന്നുമാകും അന്വേഷണ സംഘം നേര് ചികയുക. മൊഴികളിലെ വൈരുദ്ധ്യങ്ങൾ ഇവരെ ബോദ്ധ്യപ്പെടുത്തുന്നതിനൊപ്പം കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങളും അവർക്ക് മുന്നിൽ നിരത്തും. പൊലീസിന് നൽകിയ മൊഴികളിലെ കള്ളം ഇതോടെ പുറത്താകും.കൂടത്തിലെ സംഭവവികാസങ്ങളിലുൾപ്പെട്ട ഇവരുടെ മൊഴികളിലൂടെ കേസിന്റെ ചുരുളഴിയിക്കാനായാൽ കാലപ്പഴക്കവും നഷ്ടപ്പെട്ടുപോയ തെളിവുകളുടെ പരിമിതിയും മറികടക്കുന്നതിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് സഹായകമായ വിധത്തിൽ മൊഴിനൽകുന്ന ഒരാളെ മാപ്പുസാക്ഷിയാക്കുകകൂടി ചെയ്ത് കേസ് ബലപ്പെടുത്താമെന്നാണ് പ്രത്യേക സംഘത്തിന്റെ നിഗമനം. ഇതിനുള്ള തന്ത്രങ്ങളാണ് അന്വേഷണ സംഘം ആവിഷ്കരിക്കുന്നത്.

ഉയിർത്തെഴുന്നേൽക്കും

ശാസ്ത്രീയ തെളിവുകൾക്കൊപ്പം

സാഹചര്യതെളിവുകൾ, സംഭവദിവസങ്ങളിലും തുടർന്നും സംശയിക്കപ്പെടുന്നവരുടെ പ്രവൃത്തികൾ, പെരുമാറ്റങ്ങൾ ഇവയെല്ലാം മറ്റുള്ളവരിൽ നിന്ന് മനസിലാക്കാനും ഇവരിൽ പലരും പരസ്പരം നടത്തിയിട്ടുള്ള അന്യായമായ സാമ്പത്തിക, സ്വത്ത് ഇടപാടുകൾ ഇവയുടെയെല്ലാം പൊരുളറിയുന്നതോടെ കൂടത്തിലെ ചാമ്പലായ ദുരൂഹ മരണങ്ങളുടെ കേസുകൾ ഉയിർത്തെഴുന്നേൽക്കപ്പെടുമെന്നാണ്

അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

മരണം ദുരൂഹമാക്കിയ സംശയങ്ങൾ

# ജയമാധവനെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവം പരിസരവാസികളെയും അടുത്ത് താമസിക്കുന്ന ബന്ധുക്കളെയും അറിയിക്കാതിരുന്നത്

# വീട്ടുമുറ്രത്ത് അയൽവാസിയുടെ വാഹനം ഉണ്ടായിരുന്നിട്ടും ദൂരെനിന്ന് വാഹനം വരുത്തിയത്.

# കൂടത്തിൽ വീടിന്റെ വാതിൽ അടയ്ക്കാറില്ലെന്ന മൊഴി. ഈ മൊഴി ബോധപൂർവ്വമാണെങ്കിൽ പുറത്ത് നിന്നെത്തുന്ന ആർക്കും ഇവിടെ അതിക്രമിച്ച് കടക്കാമെന്ന സന്ദേശമാണ് ഉദ്ദേശ്യം

# ജയമാധവന്റെയും മുമ്പ് മരിച്ച ജയപ്രകാശിന്റെയും മരണങ്ങൾ സംബന്ധിച്ച മൊഴികളിലെ സമാനത

# തറയിൽ കമിഴ്ന്ന് കിടന്ന ജയമാധവനെ തനിച്ചെടുത്ത് കട്ടിലിൽ കിടത്തിയെന്ന കാര്യസ്ഥന്റെ മൊഴി

# ജയമാധവനുമായി മെഡിക്കൽ കോളേജിലേക്ക് ആട്ടോയിൽ പോയ സമയവും മെഡിക്കൽ കോളേജിലെത്തിയതും മരണം സ്ഥിരീകരിച്ച സമയവും തമ്മിലുള്ള പൊരുത്തക്കേട്

# ജയമാധവന്റെ ശരീരത്തിൽ മുറിവുണ്ടായിട്ടും രക്തം വാർന്നതോ മുറിയിൽ രക്തമുണ്ടായിരുന്നതോ മൊഴിയിൽ പരാമർശിക്കാതിരുന്നത്.

# വീട്ടുവേലക്കാരിയെ വിളിച്ചുവരുത്തി തിടുക്കത്തിൽ മുറികൾ വൃത്തിയാക്കിയത്

# ജയമാധവന്റെ വസ്ത്രങ്ങളും ചികിത്സാ രേഖകളും മരുന്നും നശിപ്പിച്ചത്

# മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ കൊണ്ടുപോകാൻ ശ്രമിച്ചത്

# കൂടത്തിൽ വീട്ടിൽ സംസ്കരിക്കാതിരുന്നത്

# മരണശേഷം കാര്യസ്ഥൻ കൂടത്തിലുമായി സഹകരിച്ചിരുന്നവർക്ക് വാരിക്കോരി പണം ചെലവഴിക്കുന്നത്

# കാര്യസ്ഥന്റെയും വീട്ടുവേലക്കാരിയുടെയും സഹായികളുടെയും ചില മൊഴികളിലുള്ള വൈരുദ്ധ്യം

# സ്വയം രക്ഷപ്പെടാനും പരസ്പരം രക്ഷപ്പെടുത്താനും മൊഴികളിൽ ശ്രമമുള്ളതായ സംശയം.

സംശയദുരീകരണത്തിന് ഡമ്മി

ജയമാധവന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്ന അതേ സാഹചര്യത്തിൽ തന്നെ അടുപ്പക്കാരായ ചിലരുടെ മൊഴികളിൽ പറയും പ്രകാരം അപസ്മാരമോ മറ്ര് രോഗങ്ങളോ ബാധിച്ച് വീണ് പരിക്കേറ്റതാണോയെന്നതും അന്വേഷണ സംഘം വിലയിരുത്തും. ഇതിനായി ജയമാധവന്റെ ശരീര പ്രകൃതിയോട് സാമ്യമുള്ള ഒരു ഡമ്മിയെത്തിച്ചശേഷം കട്ടിലിൽ നിന്ന് ഉറക്കത്തിലോ അല്ലാതെയോ വീഴാനുള്ള സാദ്ധ്യതകൾ മുൻനിർത്തിയുള്ള പരിശോധനകളെപ്പറ്റി അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കട്ടിലിൽ നിന്ന് കമിഴ്ന്നോ, ചരിഞ്ഞോ വീണാൽ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങൾക്ക് പരിക്കുകളും ക്ഷതങ്ങളുമുണ്ടാകാമെന്ന് വിലയിരുത്തുകയാണ് ഉദ്ദേശ്യം. ഹാളിലെ കട്ടിളപ്പടിക്ക് സമീപമാണ് ജയമാധവനെ കമിഴ്ന്ന് കിടക്കുംവിധം കണ്ടെത്തിയതെന്നാണ് മൊഴി. ഇതനുസരിച്ച് കട്ടിളപ്പടിക്ക് സമീപവും ഡമ്മി പരിശോധന നടത്താൻ ആലോചിക്കുന്നുണ്ട്. കതക് തുറക്കുമ്പോഴോ മറ്റോ വീണതാണോയെന്ന് അറിയാൻ വേണ്ടിയാണിത്. ഇതോടൊപ്പം ഡമ്മിയിൽ വിവിധ പോസുകളിൽ ആഘാതമേൽപ്പിച്ചും ക്ഷതങ്ങളെയും വീഴ്ചയെയും ഫോറൻസിക് വിഭാഗത്തിന്റെയും ഡോക്ടർമാരുടെയും സഹായത്തോടെ അന്വേഷണ സംഘം വിലയിരുത്തും.