 
 ക്രിയാത്മക നിർദേശങ്ങളുമായി പ്രമുഖർ
കൊല്ലം: ഇടത് ഭരണ തുടർച്ച നാടിന്റെ അനിവാര്യതയാണെന്ന വികാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൊല്ലത്ത് പങ്കുവച്ചത്. മത - സാമുദായിക നേതാക്കൾ, വ്യവസായികൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി ജില്ലയുടെ വിവിധ രംഗങ്ങളിലെ പ്രമുഖർക്ക് മുന്നിൽ സർക്കാരിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.
ജില്ലയുടെ പൊതുചിന്താഗതിയെ സ്വാധീനിക്കാൻ കഴിയുന്ന പ്രമുഖർക്ക് മുന്നിൽ ഹ്രസ്വമായ വാക്കുകളിലൂടെ സർക്കാരിന്റെ നേട്ടങ്ങളും അത് തുടരേണ്ടതിന്റെ ആവശ്യകതയും തുറന്നുപറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കമിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതിന് പിന്നാലെ വേഗത്തിലാണ് കേരളപര്യടനം തീരുമാനിച്ചതെങ്കിലും കുറഞ്ഞ
സമയത്തിനുള്ളിൽ കൊല്ലത്ത് മുന്നൊരുക്കങ്ങളെല്ലാം പൂർത്തീകരിച്ചിരുന്നു. രാവിലെ എട്ടരയോടെ കൊല്ലം ബീച്ച് ഹോട്ടലിലെത്തിയ മുഖ്യമന്ത്രി അതിഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ചർച്ചയ്ക്കെത്തിയത്.
മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പം 'നവകേരളത്തിന്റെ കുതിപ്പിന് ജനനായകന്റെ കേരളപര്യടനം' എന്നെഴുതിയ വലിയ ബോർഡായിരുന്നു വേദിയുടെ ആകർഷണം. സർക്കാരിന്റെ അഞ്ച് വർഷത്തെ നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാദ്ധ്യമ പ്രവർത്തകർ ഹാളിന് പുറത്ത് പോകണമെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷ പ്രസംഗത്തിനിടെ അറിയിച്ചു. പിന്നീട് അതിഥികളും ഇടത് നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമായി ഹാളിൽ.
രാജീവ് അഞ്ചൽ, ഡോ. മനോജ് കിണി, ഡോ. ഡി. ശ്രീകുമാർ, ഡോ. അജയകുമാർ, ഡി.ചന്ദ്രലാൽ, എം.ബി. സത്യാനന്ദൻ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, കെ.രാഘവൻ, മോഹനചന്ദ്രൻ, പ്രൊഫ. ജെ. രാജൻ, ആർ. ശിവകുമാർ തുടങ്ങിയവരെയാണ് ടൂറിസം, ആർക്കിടെക്ട്, ആരോഗ്യം, കായികം, ഐ.ടി, വ്യവസായം തുടങ്ങിയ മേഖലകളിലെ നിർദേശങ്ങൾ അവതരിപ്പിക്കാനായി ക്ഷണിച്ചത്.
ജനപ്രതിനിധികളും വ്യവസായികളും മത സാമുദായിക നേതാക്കളും വിവിധ മേഖലകളിലെ പ്രഗത്ഭരും ഉൾപ്പെടെ 137 പേരെയാണ് മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്താൻ ഇടത് മുന്നണിയുടെ ജില്ലാ നേതൃത്വം ക്ഷണിച്ചത്. പന്ത്രണ്ടരയോടെ ചർച്ച അവസാനിപ്പിച്ച് മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക് മടങ്ങി.