തുടക്കത്തിൽ തന്നെ പ്രവർത്തന രഹിതം
വെള്ളം മുകളിലേക്ക് എത്തിയില്ല
കുഴൽ കിണറിൽ നിന്ന് ചെളിവെള്ളം
12 ലക്ഷം രൂപ നിർമ്മാണച്ചെലവ്
കരുനാഗപ്പള്ളി: തുടക്കത്തിൽ തന്നെ പ്രവർത്തന രഹിതമായ കുഴൽ കിണർ പ്രവർത്തിപ്പിക്കാനുള്ള അധികൃതരുടെ നീക്കം വീണ്ടും പാളി. 12 ലക്ഷം രൂപ മുടക്കി കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി കോഴിക്കോട് എസ്.വി.മാർക്കറ്റിൽ ഭൂഗർഭ ജലവകുപ്പിനെ കൊണ്ട് നിർമ്മിച്ച കുഴൽ കിണറാണ് വീണ്ടും പണിമുടക്കിയത്. കുഴൽ കിണർ വീണ്ടും പ്രവർത്തന സജ്ജമാക്കാൻ വാട്ടർ അതോറിട്ടിയും ഭൂഗർഭ ജലവകുപ്പും സംയുക്തമായാണ് പദ്ധതികൾ തയ്യാറാക്കിയത്. ഇക്കുറി വാട്ടർ അതോറിട്ടി മുൻകൈ എടുത്ത് കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തു.
കുഴൽ കിണറിൽ നിന്ന് ചെളിവെള്ളം
കുഴൽ കിണറിൽ ആദ്യം ഇറക്കിയിരുന്ന പൈപ്പുകൾ പുറത്തെടുത്ത ശേഷം കഴുകി വൃത്തിയാക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. തുടർന്ന് 70 മീറ്റർ ആഴത്തിലേക്ക് വീണ്ടും പൈപ്പുകൾ ഇറക്കുകയും 7.30 കുതിര ശക്തിയുള്ള മോട്ടോർ കുഴൽ കിണറിൽ ഇറക്കുകയും ചെയ്തു. മോട്ടോർ പ്രവർത്തിച്ച് തുടങ്ങിയപ്പോൾ കുഴൽ കിണറിൽ നിന്ന് ചെളിവെള്ളമാണ് പുറത്തേക്ക് വന്നത്. ഉദ്യോഗസ്ഥരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ടാണ് ചെളി വെള്ളം വന്ന് തുടങ്ങിയത്. 6 മണിക്കൂർ തുടച്ചയായി പമ്പിംഗ് നടത്തിയാൽ കലക്കലില്ലാത്ത വെള്ളം ലഭിക്കുമെന്നാണ് ഭൂഗർഭ ഉദ്യോഗസ്ഥർ പറയുന്നത്.
വെള്ളം മുകളിലേക്ക് എത്തിയില്ല
പുതുതായി നിർമ്മിച്ച കുഴൽ കിണറിന്റെ ആദ്യ പമ്പിംഗ് നടത്തിയത് കഴിഞ്ഞ മാസം അവസാന വാരത്തിലായിരുന്നു. 100 മീറ്റർ ആഴത്തിൽ നിർമ്മിച്ച കുഴൽ കിണറിൽ 63 മീറ്റർ ആഴത്തിലാണ് പൈപ്പും മോട്ടോറും ഇറക്കിയത്. മോട്ടോർ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും വെള്ളം മുകളിലേക്ക് എത്തിയില്ല. ഇതേ തുടർന്നാണ് ഇന്നലെ വീണ്ടും പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രംഗത്ത് എത്തിയത്. കായൽ തീരങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുഴൽ കിണർ നിർമ്മിച്ചത്.