
കൊല്ലം: എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ പരേതന്റെ പേരിൽ പത്രിക സമർപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരേതന്റെ പേര് നിർദ്ദേശിച്ച വടക്കേവിള കടകംപള്ളി വീട്ടിൽ മനോജിനെ ഒന്നാം പ്രതിയും പിന്താങ്ങിയ പട്ടത്താനം വിദ്യാനഗർ പ്രശാന്തിൽ പി.എൻ. അനിരുദ്ധനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്.
കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് സൂര്യനഗർ നിരുപമയിൽ പി.വി. രജിമോൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. 2006 മാർച്ച് 19ന് മരിച്ച തിരുവനന്തപുരം കുന്നുകുഴി നീതിയിൽ വീട്ടിൽ നടരാജന്റെ പേരിലാണ് സെപ്തംബർ 18ന് നടന്ന ഇ-കാറ്റഗറി ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വ്യാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നടരാജൻ മരിച്ചെന്ന് ട്രസ്റ്റ് തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിരുന്നു. ഇത് മറച്ചുവച്ചാണ് വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചത്.
പത്രികയ്ക്കൊപ്പം സെക്യൂരിറ്റിയിനത്തിൽ 2000 രൂപയും അടച്ചിരുന്നു. തിരഞ്ഞെടുപ്പ് വരണാധികാരിയെയും പൊതുജനങ്ങളെയും വഞ്ചിക്കുന്നതിനൊപ്പം ട്രസ്റ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് പ്രതികൾക്കും ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.