
കൊല്ലം: സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട നൂറിലേറെ പ്രമുഖരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചാണ് മുഖ്യമന്ത്രി ഇടത് തേരോട്ടത്തിന് തുടക്കമിട്ടത്. രാവിലെ എട്ടിന് ക്വയിലോൺ ബീച്ച് ഹോട്ടലിൽ എത്തിയ പിണറായി പത്തോടെ ക്ഷണിക്കപ്പെട്ടവരുടെ മുന്നിലെത്തി.എല്ലായിടത്തും സമഗ്ര വികസനമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടരലക്ഷം വീടുകൾ പൂർത്തിയാക്കി. പത്തുലക്ഷം പേർക്ക് വീട് ലഭിച്ചുവെന്നത് വലിയ നേട്ടമാണ്. ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന സ്കൂളുകളിലാണ് നമ്മുടെ കുട്ടികൾ പഠിക്കുന്നത്. ആർദ്രം പദ്ധതി ആരോഗ്യമേഖലയിൽ സൃഷ്ടിച്ച കുതിപ്പ് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് സഹായകമായി.നടപ്പാകില്ലെന്ന് പലരും കരുതിയ പദ്ധതികൾ വരെ നടപ്പായി. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി. ഇതിന്റെ തുടർച്ചയായി ലോകോത്തര സ്ഥാപനങ്ങൾ കേരളത്തിലേക്ക് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെട്ടവരിൽ പന്ത്രണ്ടുപേർക്ക് സംസാരിക്കാൻ അവസരം ലഭിച്ചു. മറ്റുള്ളവർ നിർദേശങ്ങൾ എഴുതി നൽകി. ദേശീയ ജലപാത, കൊല്ലം തുറമുഖ വികസനം, കശുഅണ്ടി മേഖലയിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. നിർദേശങ്ങളിൽ പലതും സർക്കാരിന്റെ പരിഗണനയിലുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
മുല്ലക്കര രത്‌നാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ. രാജു. ജെ. മേഴ്‌സിക്കുട്ടിഅമ്മ, എം.പിമാരായ കെ. സോമപ്രസാദ്, എ.എം. ആരിഫ്, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, എം. മുകേഷ്, കോവൂർ കുഞ്ഞുമോൻ, പി. ഐഷാ പോറ്റി, കെ.ബി. ഗണേശ് കുമാർ, എം. നൗഷാദ്, എസ്. ജയലാൽ, സി.പി എം സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, സംസ്ഥാന സമിതിയംഗം കെ. വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവരും പങ്കെടുത്തു. ക്ഷണമുണ്ടായിരുന്നെങ്കിലും എൻ.എസ്.എസ് നേതാക്കൾ ചടങ്ങ് ബഹിഷ്‌കരിച്ചു.