ethan

വില താഴേക്ക്, നഷ്ടം താങ്ങാനാകാതെ കർഷകർ

കൊല്ലം: നാടൻ ഏത്തക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ നഷ്ടം താങ്ങാനാകാതെ കർഷകർ. സർക്കാർ നിശ്ചയിച്ച 30 രൂപ തറവിലയിലും താഴേക്ക് വില ഇടിയാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) വിപണികളിൽ കർഷകർക്ക് 23 മുതൽ 26 രൂപ വരെ മാത്രമാണ് ഒരു കിലോ ഏത്തക്കായ്ക്ക് ലഭിക്കുന്നത്.

സർക്കാർ കണക്ക് പ്രകാരം ഒരു കിലോ ഏത്തക്കായ ഉത്പാദിപ്പിക്കാൻ കർഷകന് 25 രൂപ ചെലവ് വരും. ഇങ്ങനെ കണക്കുകൂട്ടുമ്പോൾ ഉത്പാദന ചെലവ് പോലും കർഷകന് ലഭിക്കുന്നില്ല. കർഷകർക്ക് തറവില ലഭ്യമാക്കാൻ തുടങ്ങിയ രജിസ്ട്രേഷൻ നടപടികൾ സംബന്ധിച്ച് കർഷകരിൽ മിക്കവർക്കും വ്യക്തമായ ധാരണയില്ല. 30 രൂപ തറവില നിശ്ചയിച്ച ഏത്തക്കായ്ക്ക് 25 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ അഞ്ച് രൂപ സർക്കാർ നൽകുമെന്നതാണ് തറവില പ്രഖ്യാപിച്ചതിലൂടെ ലഭിക്കുന്ന നേട്ടം.

വി.എഫ്.പി.സി.കെ വിപണികളിലും ഏത്തക്കായ വില ഇടിഞ്ഞതോടെ പ്രാദേശിക വിപണികളിൽ 20 രൂപ നിരക്കിൽ വരെ ഏത്തക്കുലകൾ വിറ്റ് തള്ളുകയാണ് കർഷകർ. ലോക്ക് ഡൗൺ കാലത്ത് കൃഷിയിലേക്കിറങ്ങിയ യുവാക്കൾ ഉൾപ്പെടെ പലർക്കും നിലവിലെ അസാധാരണ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകുന്നില്ല.

 വിലയിടിവിന് കാരണം

1. തമിഴ്നാട്, കർണാടക ഏത്തക്കുലകൾ വൻ തോതിൽ പ്രാദേശിക വിപണിയിൽ

2. 14 രൂപ നിരക്കിൽ മൊത്ത വിൽപ്പനക്കാർക്ക് മറുനാടൻ ഏത്തക്കുലകൾ ലഭിച്ചു

3. ഇതോടെ നാലുകിലോ മറുനാടൻ ഏത്തപ്പഴം 100 രൂപയ്ക്ക് വിപണിയിൽ കിട്ടിത്തുടങ്ങി

4. ജില്ലയിലും സംസ്ഥാനത്ത് പൊതുവെയും ആഭ്യന്തര ഉത്പാദനം വൻതോതിൽ ഉയർന്നു

5. മിക്കവരും ഉത്പാദകരായപ്പോൾ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു

 ഹോർട്ടികോർപ്പിനെതിരെ കർഷകർ

വിലയിടിവ് നേരിട്ട് വലയുന്ന കർഷകനെ സഹായിക്കാൻ ഹോർട്ടികോർപ്പ് വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നാണ് കർഷകരുടെ വിമർശനം. ജില്ലയിലെ ഏത്തവാഴ കർഷകർ ഉത്പന്നം വിറ്റഴിക്കൻ മാർഗമില്ലാതെ വലയുമ്പോൾ പ്രാദേശിക സംഭരണം വേണ്ടത്ര നടക്കുന്നില്ല. ഹോർട്ടികോർപ്പിന്റെ വിൽപ്പന കേന്ദ്രങ്ങളിലൂടെയും മറുനാടൻ ഏത്തക്കുലകൾ വിൽക്കുന്നുവെന്നും കർഷകർ പറയുന്നു.

''

തുടർച്ചയായി നഷ്ടം നേരിടുന്നത് താങ്ങാനാകുന്നില്ല. സഹായിക്കാൻ അടിയന്തര ഇടപെടൽ വേണം.

കർഷകർ