 
പുനലൂർ: തെന്മല പഞ്ചായത്തിലെ തേവർകുന്നിൽ കല്ലടയാറിന് സമീപത്തെ ജനവാസ മേഖലയിൽ അനധികൃതമായി കുന്നിടിച്ച് നിരത്തി ആരംഭിക്കുന്ന ക്രഷർ യൂണിറ്റ് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, പുനലൂർ ഡി.എഫ് ഒ.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 
കേന്ദ്ര ഹരിത ട്രൈബൂണൽ ജില്ലാ കളക്ടർക്കും മറ്റ് വകുപ്പുകൾക്കും നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന.
തേവർകുന്നിലെ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ക്രഷർ യൂണിറ്റ് ആരംഭിക്കാനുളള നീക്കത്തിനെതിരെ കേന്ദ്രഹരിത ട്രൈബൂണലിന് പരാതി നൽകിയിരുന്നു.സ്ഥലത്ത് നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ആർ.ഡി.ഒ ബി.ശശികുമാർ അറിയിച്ചു.
കല്ലടയാറും പണികൾ നടക്കുന്ന സ്ഥലങ്ങളും തമ്മിലുള്ള ദൂരവും വീടുകളും നിർമ്മാണ ജോലികൾ നടക്കുന്ന സ്ഥലങ്ങളും തമ്മിലുള്ള ദൂരവും പരിശോധക സംഘം അളന്ന് തിട്ടപ്പെടുത്തി. അടുത്ത മാസം 5ന് ഹരിത ട്രൈബൂണലിന് റിപ്പോർട്ട് നൽകുമെന്നും ആർ.ഡി.ഒ അറിയിച്ചു.
പഞ്ചായത്ത് അംഗം അനീഷ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എസ്.ഉദയകുമാർ, എ.കുഞ്ഞുമൈതീൻ, ആദിൽ, ജെനീഷ് തുടങ്ങിയവരും പരിശോധക സംഘത്തോട് വിവരങ്ങൾ ധരിപ്പിക്കാൻ എത്തിയിരുന്നു.