 
കൊല്ലം: ബാങ്കുകളുടെ സഹായത്തോടെ കശുഅണ്ടി വ്യവസായം സംരക്ഷിച്ച് പരമാവധി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് എത്തിയപ്പോൾ സ്വകാര്യ കശുഅണ്ടി വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വിളിച്ചുചേർത്ത വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ കശുഅണ്ടി വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും തിരിച്ചുവരവിനും സഹായിക്കത്തക്ക രീതിയിൽ ബാങ്കുകൾ അനുവദിക്കുന്ന പുനരുദ്ധാരണ വായ്പ അർഹരായവർക്ക് നൽകണം. എന്തെങ്കിലും കാരണം പറഞ്ഞ് അത് കുറയ്ക്കാതെ പൂർണമായും വ്യവസായത്തിന് തന്നെ ലഭ്യമാക്കണം. അനുവദിക്കുന്ന വായ്പാ തുകയിൽ നിന്ന് മുൻബാക്കിയോ പലിശയോ പിഴപ്പലിശയോ ഈടാക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കശുഅണ്ടി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമായി ബാങ്കുകൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ യോഗത്തിൽ ചൂണ്ടിക്കാട്ടി. എസ്.എൽ.ബി.സി കൺവീനർ അജിത്ത്, വ്യവസായ പ്രതിനിധികൾ, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.