photo

പത്തനാപുരം : 916 നെ വെല്ലുന്ന വെല്ലുന്ന വ്യാജൻ. ബി.ഐ.എസ് മുദ്ര അടക്കം തെളിവ്. പക്ഷെ മുക്കുപണ്ടം ആണൈന്ന് മാത്രം. ഇക്കഴിഞ്ഞ 15ന് പത്തനാപുരം പള്ളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിയ തട്ടിപ്പുകാരൻ 20 ഗ്രാം തൂക്കമുളള മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് 65000 രൂപയാണ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ അടിയന്തര ചികിത്സ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിയിൽ നിന്ന് പണം തട്ടിയെടുത്തത്. സ്ഥിരം കുറ്റവാളിയായ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ക്യഷ്ണകുമാറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സമാനമായ കേസിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ക്യഷ്ണകുമാർ. പണയമിടപാട് സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയിൽ പത്തനാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.

ജീവനക്കാർ ജാഗ്രത പാലിക്കണം

സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങളാണ് ഈ തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം.

കാഴ്ചയിൽ മാന്യനെന്ന് തോന്നുന്നത് പോലെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. സ്ത്രീകൾ ജീവനക്കാരായുള്ള അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജനേയാണ് തട്ടിപ്പുകാർ സ്ഥാപനങ്ങളിൽ എത്തുന്നത്. ഇവർ നൽകുന്ന തിരിച്ചറിയൽ രേഖകളും ഫോൺ നമ്പരും വ്യാജമാണെന്നറിയുന്നത് പണയം വച്ച സ്വർണം മുക്കു പണ്ടം ആണെന്ന് അറിഞ്ഞതിന് ശേഷമാണ്. ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നതിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും എല്ലാ സ്ഥാപനങ്ങളിലും കെ.വൈ.സി നിർബന്ധമാക്കണമെന്നും പത്തനാപുരം സി. ഐ സുരേഷ് കുമാർ പറഞ്ഞു.