qac-murder
കൊല്ലം ക്യു.എ.സി ഹാളിന് സമീപം നടന്ന കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

കൊല്ലം: ക്യു.എ.സി റോഡിലെ നടപ്പാതയിൽ അന്തിയുറങ്ങിയിരുന്ന ചിറക്കര കാണിക്കവിള പുത്തൻ വീട്ടിൽ മണികണ്ഠക്കുറുപ്പിനെ (57)​ കൊലപ്പെടുത്തിയ തമിഴ്നാട് തിരുനെൽവേലി കാമരാജ തെരുവ് സ്വദേശി ആക്രി രാജ എന്ന് വിളിക്കുന്ന മേഘനാഥനുമായി (62) കൊല്ലം ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിനൊപ്പം പൊലീസ് സംഘം നടത്തിയ പരിശോധനയിൽ നടപ്പാതയിൽ രക്തക്കറ കണ്ടെത്തി. മണികണ്ഠക്കുറുപ്പിനെ പ്രതി കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി. കത്തിയിലും രക്തക്കറയുണ്ട്. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് മേഘനാഥൻ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി ഈസ്റ്റ് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഏഴോടെ വഴിയാത്രക്കാരാണ് മണികണ്ഠക്കുറുപ്പ് മരിച്ചുകിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇൻക്വസ്റ്റിനിടെ മണികണ്ഠപിള്ളയുടെ നെഞ്ചിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഉടൻ പൊലീസ് ക്യു.എ.സിയിലെത്തി സ്ഥലത്ത് പതിവായി അന്തിയുറങ്ങുന്നവരെ ചോദ്യംചെയ്തപ്പോൾ കുത്തിയത് മേഘനാഥനാണെന്ന വിവരം ലഭിച്ചു. ഈ സമയം മദ്യലഹരിയിൽ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു പ്രതിയെ അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു.

പുലർച്ചെ മണികണ്ഠക്കുറുപ്പും മേഘനാഥനും തമ്മിലുണ്ടായ അടിപിടിക്കിടെയായിരുന്നു കൊലപാതകം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.