
കൊല്ലം: കേരള പര്യടനത്തിന് കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഇന്നലെ ഒരു കുഞ്ഞ് അതിഥിയെത്തി. സ്ഥലം കൊല്ലം റെസ്റ്റ്ഹൗസ്. സമയം ചൊവ്വാഴ്ച പകൽ ഒന്നര. കൊല്ലം ഡീസന്റ്മുക്ക് വെട്ടിലത്താഴം സഞ്ചാവിളയിൽ ആദർശ്, ഡോ. സുബി ദമ്പതികളുടെ മകളായ അവന്തികയാണ് തനിക്ക് പ്രിയപ്പെട്ട പിണറായി അപ്പൂപ്പനെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയത്.അവളെ ഒട്ടും നിരാശപ്പെടുത്താതെ മുഖ്യമന്ത്രി മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. കൈയിൽ കരുതിയിരുന്ന പൂച്ചെണ്ടും റോസാപ്പൂവും ചുവന്നമാലയും മുഖ്യമന്ത്രി അപ്പൂപ്പന് കൈമാറി. ഉടൻ തന്റെ പേരക്കുട്ടിയെപ്പോലെ അവളെ പിണറായി ആശ്ലേഷിച്ചു. പിന്നെ കൊച്ചുവർത്തമാനമായി. തുടർന്ന് ചുവന്ന മാലമുഖ്യമന്ത്രി അവന്തികയുടെ കഴുത്തിലണിഞ്ഞു. മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഒരു ദിവസം ഇല്ലാതിരുന്നാൽ അവന്തിക വീട്ടിൽ ബഹളംകൂട്ടുമെന്ന് മാതാപിതാക്കൾ പറയുന്നു. പത്രത്തിൽ മുഖ്യമന്ത്രിയുടെ പടം കണ്ടാലും അവൾ പറയും പിണറായി അപ്പൂപ്പനെന്ന്. മകളുടെ ഈ സ്നേഹം കണ്ടിട്ട് ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടുവിളിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച കൊല്ലത്ത് അദ്ദേഹം എത്തുന്ന വിവരം പത്രത്തിലൂടെ അറിയുന്നത്. പിന്നീട് ഒട്ടും താമസിച്ചില്ല കൊല്ലത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി മകളുടെ ആഗ്രഹം പറഞ്ഞു. അതോടെയാണ് മുഖ്യമന്ത്രിയെ നേരിൽകാണാനുള്ള അവസരം ഒരുങ്ങിയത്.