
കിഴക്കേക്കല്ലട: നിർമ്മാണം പാതിവഴിയിൽ നിലച്ച കുണ്ടറ - മൺറോത്തുരുത്ത് റോഡ് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. പുനർനിർമ്മാണത്തിനായി വെട്ടിപ്പൊളിച്ചിട്ട ചിറ്റുമല മുതൽ സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഭാഗമാണ് യാത്രികരെ ഏറെയും വലയ്ക്കുന്നത്. കാൽനടയാത്ര പോലും അസാദ്ധ്യമായ തരത്തിലാണ് റോഡിന്റെ നിലവിലെ അവസ്ഥ. കൊവിഡ് മൂലം നിലച്ചെങ്കിലും ഇപ്പോൾ ക്രമേണ പച്ചപിടിച്ചുകൊണ്ടിരിക്കുന്ന മൺറോത്തുരുത്ത് ടൂറിസത്തിനും റോഡിന്റെ ദുർഗതി വിനയാകുന്നുണ്ട്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര വർഷം മുൻപാണ് കുണ്ടറ - പള്ളിമുക്ക് - രണ്ട് റോഡ് - ചിറ്റുമല - മൺറോത്തുരുത്ത് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. പല റീച്ചുകളിലായി പണി തുടങ്ങിവച്ചെങ്കിലും എല്ലായിടത്തും പാതിവഴിയിൽ നിലച്ചു. നിർമ്മാണം നീളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചിറ്റുമല മുതൽ സി.വി.കെ.എം സ്കൂൾ വരെയുള്ള ഭാഗം കുത്തിപ്പൊളിച്ചു. എന്നാൽ ഇതിനുശേഷം നിർമ്മാണം നടന്നുവന്ന മേഖലയിലുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കുകയാണ് ഉണ്ടായത്.
മൺറോത്തുരുത്ത് ഭാഗത്ത് പേഴുംതുരുത്തിൽ നിന്ന് ടാറിംഗ് ആരംഭിച്ച് രണ്ട് കിലോമീറ്റർ എത്തിയപ്പോഴേക്കും നിർമ്മാണം നിലച്ചു. ഈ ഭാഗങ്ങളിൽ പുനർനിർമ്മിക്കേണ്ട രണ്ട് കലുങ്കുകൾ കൂടിയുണ്ട്. ഈ നിലയിൽ പണി നടന്നാൽ വർഷങ്ങൾ കഴിഞ്ഞാലും പൂർത്തിയാകില്ലെന്ന് ഉറപ്പ്.
മാസങ്ങളായി ജനം അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കണം,. അധികാരികൾ ഇടപെട്ട് എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണം.
കന്നിമേൽ അനിൽ കുമാർ,
വൈസ് പ്രസിഡന്റ്,
വ്യാപാരി വ്യവസായി ഏകോപന സമിതി
മൺറോത്തുരുത്ത് യൂണിറ്റ്
മൺറോത്തുരുത്തിലെ ടൂറിസത്തെ തടസപ്പെടുത്തുന്ന നിലയിൽ ഇഴഞ്ഞുനിങ്ങുന്ന നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണം.
കെ. രാധാകൃഷ്ണൻ
പൊതു പ്രവർത്തകൻ
കരാറുകാരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങളാണ് നിർമ്മാണം തടസപ്പെട്ടതിന് കാരണം. ഉടനെ നിർമ്മാണം ആരംഭിക്കും.
പൊതുമരാമത്ത് വകുപ്പ്
എൻജിനിയർ, കുണ്ടറ