photo
റോഡരുകിൽ കുടിവെള്ളത്തിനായി നിരത്തി വെച്ചിരിക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ

കരുനാഗപ്പള്ളി : വേനൽ കടുക്കുന്നതിന് മുമ്പ് തന്നെ കരുനാഗപ്പള്ളിയുടെ കായൽ തീരങ്ങളിൽ കുടിവെള്ളം കിട്ടാനില്ല. കോഴിക്കോട് ആൽത്തറമൂട് ക്ഷേത്രത്തിന് തെക്ക് വശം , പത്മനാഭന്റെ ബോട്ട് ജെട്ടി, ഐ.ആർ.ഇ സെറ്റിൽമെന്റ് കോളനി, പണിക്കർകടവ്, തുറയിൽകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ നാട്ടുകാർ രാവിലെ മുതൽ നഗരസഭയുടെ ടാങ്കർ ലോറിയും പ്രതീക്ഷിച്ച് കാത്ത് നിൽപ്പാണ്.

ടാങ്കർ ലോറികളിൽ കുടിവെള്ളം

കഴിഞ്ഞ ഒരു മാസമായി നഗരസഭ ഇവിടങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുകയാണ്. ഒരു വീട്ടിലേക്ക് 5 പാത്രം വെള്ളമാണ് നൽകുന്നതെന്ന പരാതിയും വ്യാപകമാണ്. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് കുടിവെള്ളം എത്തുന്നതെന്നും വീട്ടമ്മമാർ പരാതിപെടുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് അത്യാവശ്യങ്ങൾക്കും അകലെയുള്ള കിണറുകളിൽ നിന്നാണ് വെള്ളം കൊണ്ട് വരുന്നത്. കായൽ തീരങ്ങളിൽ താമസിക്കുന്നവർ പൈപ്പ് വെള്ളത്തെയാണ് പൂർണമായും ആശ്രയിക്കുന്നത്.

പമ്പ് ഹൗസുകൾക്ക് പ്രായമേറി

കായൽ തീരമായതിനാൽ ഇവിടങ്ങളിലെ കിണറുകളിലെ വെള്ളത്തിന് ഉപ്പിന്റെ ചുവയുണ്ട്. മൂത്തേത്ത് കടവിലും, ആലുംകടവിലുമുള്ള പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് ഇവിടെയും ലഭിക്കുന്നത്. ഈ രണ്ട് പമ്പ് ഹൗസുകൾക്കും കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ഇവിടങ്ങളിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവിവും കുറവ് വന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. കായൽത്തീര നിവാസികളുടെ ആവശ്യങ്ങൾ എല്ലാം പരിഹരിക്കാൻ നിലവിൽ പ്രവർത്തിക്കുന്ന പമ്പ് ഹൗസുകളെകൊണ്ടാകില്ല. . ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 24 ലക്ഷം രൂപാ മുതൽ മുടക്കി നഗരസഭ ആലുംകടവിവും എസ്.വി.മാർക്കറ്റിലും രണ്ട് കുഴൽ കിണറുകൾ നിർമ്മിച്ചത്. ഭൂഗർഭ ജല വകുപ്പ് നിർമ്മിച്ച രണ്ട് കുഴൽ കിണറുകളിൽ നിന്നും ചെളിവെള്ളമാണ് പുറത്തേക്ക് വരുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി വരുകയാണ്.

വല്ലപ്പോഴും മാത്രം വെള്ളം

ഓച്ചിറ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ് കരുനാഗപ്പള്ളി നിവാസികൾ. എന്നാൽ ഓച്ചിറ കുടിവെള്ള പദ്ധതിയിലൂടെ വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. . പൈപ്പ് ലൈനിന്റെ ദൈർഘ്യം വർദ്ധിക്കുന്നതിന് ആനുപാതികമായി വെള്ളത്തിന്റെ ഒഴുക്ക് കുറയും. ഉൾ പ്രദേശങ്ങളിൽ വെള്ളം ലഭിക്കാറേയില്ലെന്നാണ് പറയുന്നത്. മുഴങ്ങോട്ട് വിള കലാവിലാസി വായനശാല മുതൽ തെക്കോട്ട് കോഴിക്കോട് മാർത്തോമ്മ പള്ളിക്ക് തെക്കുവശം വരെ ഒരു പൈപ്പ് ലൈൻ ഉണ്ട്. ഇത് ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനുമായി ബന്ധപ്പെട്ടതാണ്. നിലവിലുള്ള ഈ പൈപ്പ് ലൈൻ പത്മനാഭന്റെ ജെട്ടിയിലേക്കും ടാഗോർ ജംഗ്ഷൻ മുതൽ തെക്കോട്ടും നീട്ടിയാൽ ഇവിടങ്ങളിലെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ കഴിയും. ഓച്ചിറ കുടിവെള്ള പദ്ധതി ആരംഭിച്ചതോടെ അടച്ച് പൂട്ടിയ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ കുഴൽ കിണറുകൾ പ്രവർത്തന സജ്ജമാക്കിയാൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തെ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വാട്ടർ അതോറിട്ടിയാണ്.