കൊട്ടാരക്ക: പുലമൺ സ്വകാര്യ ബസ് സ്റ്റേഷൻ ഗ്രൗണ്ട് പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണിയായി. സ്ലാബുകൾ തകർന്ന് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ആയിട്ടും നഗരസഭയോ ബന്ധപ്പെട്ടവരോ തിരിഞ്ഞുനോക്കുന്നില്ല. എപ്പോഴും തിരക്കുള്ള ഈ ബസ് സ്റ്റേഷനിൽ നൂറിലധികം സ്വകാര്യ വാഹനങ്ങൾ ദിവസവും രണ്ടും നാലും ട്രിപ്പുകൾ നടത്തുന്നു. കൊവിഡ് ഭീതി മൂലം യാത്രക്കാരുടെ തിരക്ക്വലിയ തോതിലില്ലെങ്കിലും വാഹന തിരക്കിന് കുറവില്ല.
മലിന ജലം ഒഴുക്കുന്ന ഓട
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനോടു ചേർന്നാണ് പുലമൺ സ്വകാര്യ ബസ് സ്റ്റേഷൻ .വിശാലമായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ മലിന ജലം ഒഴുക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഓട സ്വകാര്യ ബസ് സ്റ്റേഷനിലൂടെയാണ് കടന്ന് പോകുന്നത്. ഓടയുടെ മുകളിലുള്ള സ്ളാബുകൾ കാലപ്പഴക്കംകാരണം തകർന്ന അവസ്ഥയിലാണ്. തകർന്ന കോൺക്രീറ്റ് സ്ലാബുകൾക്ക് മുകളിലാണ് മിക്കപ്പോഴും ബസുകൾ നിറയെ യാത്രക്കാരുമായി കയറി ഇറങ്ങുന്നത്. ബസ് സ്റ്റേഷൻ ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തുള്ള സ്ളാബുകൾ തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടത് സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു.
എത്രയും വേഗം തകർന്ന സ്ളാബുകൾ ഇളക്കിമാറ്റി കോൺക്രീറ്റ് ചെയ്യണം. പൊട്ടിപ്പൊളിഞ്ഞ ഗ്രൗണ്ട് റീ ടാർ ചെയ്ത് യാത്രാക്കാർക്കും വഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണം.
കൊട്ടാരക്കര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ