poth
വിരണ്ടോടിയ പോത്ത് പിടിച്ചുകെട്ടാൻ ശ്രമിച്ച ഹാറൂണിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വീണ്ടു അരിശത്തോടെ നിൽക്കുന്നു

 നിരവധി പേർക്ക് പരിക്ക്

പത്തനാപുരം: അറവ് ശാലയിൽ എത്തിച്ച പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി. പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. ജല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് പാതിരിക്കൽ സ്വദേശി ഷിബിൻ അഞ്ചൽ കാലിച്ചന്തയിൽ നിന്ന് അറക്കാൻ വാങ്ങിയ പോത്ത് നാടിനെ വിറപ്പിച്ചത്.

ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. പിറവന്തൂർ പഞ്ചായത്തിൽ മാക്കുളത്ത് നിന്ന് വിരണ്ടോടിയ പോത്ത്‌ കടയ്ക്കാമൺ വഴി പള്ളിമുക്കിൽ എത്തി മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിറുത്തി. പോത്തിന്റെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരടക്കം നിരവധിയാളുകൾക്ക് പരിക്കേറ്റു. പുനലൂർ കായംകുളം പാതയിലെ പള്ളിമുക്കിന് സമീപം പുന്നല സ്വദേശിയായ ഹാറൂൺ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും പോത്ത് അദ്ദേഹത്തെ ആക്രമിച്ചു.

പള്ളിമുക്ക് ജംഗ്ഷനിൽ എത്തിയ പോത്ത് സ്റ്റാൻഡിൽ കിടന്ന ഓട്ടോ ഇടിച്ചു തകർത്തു. തുടർന്ന് പള്ളിമുക്കിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ പത്തനാപുരത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്ത് വരുതിയിലായത്. പോത്തിനെ വെറ്റനറി ഡോക്ടർ എത്തി പരിശോധിച്ച ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തോളം പോത്ത് വിരണ്ടോടി ഭീതി പടർത്തി.