award
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രഥമ കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരി ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)​

കൊല്ലം: വേണാടെന്ന് കൊല്ലത്തെ വിളിക്കാനായിരുന്നു സുഗതകുമാരി ടീച്ചർക്കിഷ്ടം. വേണാടെന്ന വാക്ക് എന്റെ ഹൃദയത്തിലെവിടെയോ പതിഞ്ഞുകിടപ്പുണ്ടെന്ന് ടീച്ചർ പറയുമായിരുന്നു. കൊല്ലത്ത് വരാനും അഷ്ടമുടിക്കായലും കടലും ഒരുനോക്ക് കാണാനും കായലരികത്തെ ഓലത്തണലുകളിൽ ഇരിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു.
കൊല്ലത്തിന്റെ പ്രിയകവി ഒ.എൻ.വിയുമായുള്ള സഹോദര സമാനവും സുദൃഢവുമായ ആത്മബന്ധവും കൊല്ലത്തെ ഏറെ ഇഷ്ടപ്പെടുന്നതിന് കാരണമായി. ഒ.എൻ.വിയുടെ ചവറയിലെ കുടുംബവുമായി ബന്ധപ്പെട്ട് എന്ത് ചടങ്ങ് നടന്നാലും ടീച്ചർ എത്തുമായിരുന്നു. ആത്മബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ സമയം കണ്ടെത്താൻ സുഗതകുമാരി ടീച്ചർ കാണിക്കുന്ന വിവേകം വേറിട്ടതാണെന്ന് കവി ചവറ കെ.എസ്. പിള്ള സ്മരിക്കുന്നു.
കൊല്ലത്തിന്റെ പ്രകൃതി സംരക്ഷണ സമരങ്ങൾക്കും എന്നും മുന്നിലായിരുന്നു കവയിത്രി. ശാസ്താംകോട്ട തടാക സംരക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവുമൊടുവിൽ കൊല്ലത്തെത്തിയത്. 'ഈ തെളിനീരിനെ വറ്റിച്ചുകളയരുതേ, കാലം പൊറുക്കില്ല' എന്ന് പ്രസംഗിച്ചാണ് അന്ന് സുഗതകുമാരി മടങ്ങിയത്. അഷ്ടമുടി, വേമ്പനാട്ട് കായലുകളെ കൊല്ലരുതെന്ന് പറഞ്ഞ കവയിത്രി അവയുടെ സംരക്ഷണ സമരങ്ങൾക്ക് പലവട്ടം കൊല്ലത്ത് വന്നുപോയി.
2007ൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് ആശ്രാമത്ത് 126 മരങ്ങൾ മുറിച്ചിരുന്നു. പ്രൊഫ. ആർ. ഗംഗപ്രസാദ് ചെയർമാനും ഓടനാവട്ടം വിജയപ്രകാശ് സെക്രട്ടിയുമായിരുന്ന പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുഗതകുമാരി നിരവധി പ്രസ്താവനകളിറക്കി. മരങ്ങൾ മുറിക്കുന്നതിനെതിരെ സമിതി ഹൈക്കോടതിയെ സമീപിച്ചതും സുഗതകുമാരിയുടെ നിർദേശത്താലായിരുന്നു.

അന്തരിച്ച കവി വിനയചന്ദ്രനുമായും ആത്മബന്ധം പുലർത്തിയിരുന്നു. വിനയചന്ദ്രന് ചങ്ങമ്പുഴ അവാർഡ് കിട്ടിയപ്പോൾ അതിന്റെ സമർപ്പണം കടപുഴ നവോദയ ഗ്രന്ഥശാലയിലായിരുന്നു. അന്ന് കവി. കെ.എസ്. പിള്ളയുടെ വീട്ടിൽ ഒ.എൻ.വിയും ടീച്ചറും ചെമ്മനം ചാക്കോയുമടക്കം കവികളുടെ വലിയനിര തന്നെ അന്ന് ഒത്തുകൂടി.

കൊല്ലം പബ്ലിക് ലൈബ്രറിയുടെ പരിപാടികൾക്കാണ് ആദ്യകാലങ്ങളിൽ സുഗതകുമാരി ഏറെയും കൊല്ലത്തെത്തിയിരുന്നത്. രവിപിള്ള ഫൗണ്ടേഷൻ കൊല്ലത്ത് നടത്തിയിട്ടുള്ള സമൂഹവിവാഹ ചടങ്ങുകളിൽ മിക്കവാറും സുഗതകുമാരി മുഖ്യാതിഥിയായിരുന്നു. 2011ൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രഥമ കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്കായിരുന്നു. മൂന്ന് വർഷം മുൻപ് കലയപുരം സങ്കേതം സുഗതകുമാരിയെ ആദരിച്ചിരുന്നു. ജില്ലയിൽ സുഗതകുമാരി പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങായിരുന്നു അത്.

കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ 'ഇനി വരുന്നെരു തലമുറയ്ക്ക്' എന്ന കവിത പ്രസംഗങ്ങളിൽ ടീച്ചർ എടുത്തുപറയുമായിരുന്നു. കവികളോടും വേണാടിനോടും ഒത്തിരിയൊത്തിരി ഇഷ്ടം ടീച്ചർ മരണം വരെ മനസിൽ സൂക്ഷിച്ചിരുന്നു.