
 വ്യാവസായിക ആട് ഫാം പദ്ധതി കൊല്ലത്തും
കൊല്ലം: ജില്ലയെ ആട്ടിറച്ചിയിൽ സ്വയം പര്യാപ്തമാക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ 30 ഓളം കേന്ദ്രങ്ങളിൽ 20 ആടുകൾ വീതമുള്ള വ്യാവസായിക ഫാമുകൾ നിലവിൽവരും. 19 പെണ്ണാടുകളും ഒരു മുട്ടനാടുമാണ് ഒരു ഫാമിൽ ഉണ്ടാകുക. ജില്ലയിലെ 24 പഞ്ചായത്തുകളും പരവൂർ, പുനലൂർ നഗരസഭകളിലും കൊല്ലം കോർപ്പറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ 2,16,023 ആടുകൾ കൊല്ലം ജില്ലയിലുണ്ട്. ഏഴ് ടൺ ആട്ടിറച്ചി പ്രതിദിനം ആവശ്യമുണ്ട്. ആട്ടിറച്ചി അവശ്യങ്ങൾക്കായി ഇതര ജില്ലകളെ കൂടി കൊല്ലം ആശ്രയിക്കുന്നുണ്ട്. 2,80,000 രൂപയാണ് ഒരു ഫാം നൃഷ്ടിക്കാൻ വേണ്ട അടങ്കൽ തുക. തുടർ പദ്ധതികൾക്കായി ആട്ടിൻ കുട്ടികളെ നൽകാൻ തക്കവണ്ണം ഓരോ ഫാമും സജ്ജമാക്കാനാണ് മൃഗ സംരകണവകുപ്പ് ലക്ഷ്യമിടുന്നത് പുതുവർഷം ആദ്യ അഴ്ച നിലവിൽ വരുന്ന ഫാമുകളുടെ ഗുണഭോക്താക്കൾക്കുള്ള പരിശീലനം കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.സുഷമ കുമാരി ഉദ്ഘാടനം ചെയ്തു. അസി. പ്രോജക്ട് ഓഫീസർ ഡോ.കെ.എസ്.സിന്ധു, അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കമാർ, ഡോ.ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.
 ഒരു ഫാം
അടങ്കൽ തുക: 2,80,000 രൂപ
ആടുകൾ: 20
 ജില്ലയിലുള്ള ആടുകൾ: 2,16,023
 ലക്ഷ്യം
മൂന്ന് വർഷത്തിനുള്ളിൽ 100 ടൺ ആട്ടിറച്ചി അധിക ഉത്പാദനം
ആട്ടിൻ പാലിന്റെ പ്രീതി വർദ്ധിപ്പിക്കൽ