ശാസ്താംകോട്ട: അമൃതവാഹിനിയായ ശാസ്താംകോട്ട തടാക സംരക്ഷണം ജനശ്രദ്ധയിലെത്തിച്ച സമര പോരാളിയായിരുന്നു സുഗതകുമാരി. ശാസ്താംകോട്ട തടാക സംരക്ഷണ ഏകോപന സമിതിയുടെ ചെയർപേഴ്സണായി സ്ഥാനമേറ്റതോടെ നടത്തിയ പോരാട്ടങ്ങളാണ് തടാക സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഇടയാക്കിയത്.

സമിതിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുൾപ്പടെ നിവേദനം നൽകിയത് സുഗതകുമാരിയും കൺവീനർ ഡോ. പി. കെ. ഗോപനും നേരിട്ടെത്തിയാണ്. തുടർന്നാണ് തടാകതീരത്തെ ജലമൂറ്റുന്ന അക്വേഷ്യാ മരങ്ങൾ മുറിച്ചുനീക്കിയത്. തുടർന്നെത്തിയ എൽ.ഡി.എഫ് സർക്കാർ തടാകത്തിലെ ജല ചൂഷണം ഒഴിവാക്കാൻ കല്ലടയാറ്റിൽ ഞാങ്കടവ് കുടിവെള്ള പദ്ധതിയുൾപ്പടെ നടപ്പാക്കിയത് സുഗതകുമാരിയുടെ ഇടപെടലിലൂടെയാണ്.സുഗതകുമാരിയുടെ വേർപാട് ശാസ്താംകോട്ട തടാക സ്നേഹികൾക്കും തീരാനഷ്ടമാണെന്ന് തടാക സംരക്ഷണ ഏകോപന സമിതി കൺവീനർ ഡോ.പി.കെ. ഗോപൻ പറഞ്ഞു