port

 മിനിക്കോയ്, മാലിദ്വീപ് - കൊല്ലം സർവീസിന് നീക്കം

കൊല്ലം: ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നും മാലിദ്വീപിൽ നിന്നും കൊല്ലത്തേക്ക് കപ്പൽ സർവീസ് എന്ന സ്വപ്നം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം കേരള മാരിടൈം ബോർഡ് ചെയർമാൻ ലക്ഷദ്വീപ് പോർട്ട് ഡയറക്ടറേറ്റുമായി ചർച്ച നടത്തി. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാലുടൻ സർവീസ് ആരംഭിക്കാനാണ് നീക്കം. മാലിദ്വീപ് സർവീസിനും സമാനമായ ആലോചനയാണ് ഉള്ളത്.

പാസഞ്ചർ കം കാർഗോ സർവീസാണ് ആലോചിക്കുന്നത്. ചികിത്സ, വിനോദം, വിദ്യാഭ്യാസം എന്നിവയ്ക്കായി ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരാണ് പ്രതീക്ഷ. ഇവിടെ നിന്ന് ടൂറിസ്റ്റുകളെ അവിടേക്ക് കൊണ്ടുപോകുകയാണ് മറ്റൊരു ലക്ഷ്യം. 2018ൽ സമാനമായ ചർച്ച നടന്നിരുന്നു. എമിഗ്രേഷൻ സംവിധാനം സജ്ജമാകാത്തതിനാൽ തുടർനടപടികൾ ഉണ്ടായില്ല. വൈകാതെ തന്നെ എമിഗ്രേഷൻ സൗകര്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ ചർച്ചകൾ.

 ചരക്ക് നീക്കത്തിന് വൻ സാദ്ധ്യത

ലക്ഷദ്വീപ് കപ്പൽ സർവീസ് ആരംഭിച്ചാൽ വൻ ചരക്ക് നീക്കം നടക്കുമെന്നാണ് പ്രതീക്ഷ. അവിടെ നിന്ന് ട്യൂണ ഫിഷ് കേരളത്തിലേക്ക് കൊണ്ടുവരാൻ ലക്ഷദ്വീപ് അധികൃതർ തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവിടുത്തെ തേങ്ങ കുടുതൽ ഗുണനിലവാരമുള്ളതും വിലക്കുറവുമാണ്. തിരിച്ച് ഭക്ഷ്യവസ്തുക്കൾ നിർമ്മാണ സാമഗ്രികൾ എന്നിവയുടെ നീക്കത്തിനും സാദ്ധ്യതയുണ്ട്. ഇപ്പോൾ മംഗലാപുരത്ത് നിന്നാണ് ഭക്ഷ്യവസ്തുക്കളും നിർമ്മാണ സാമഗ്രികളും അവിടേക്ക് പ്രധാനമായും കൊണ്ടുപോകുന്നത്.

 പുറം കടലിൽ ഒരു കപ്പൽ

കൊല്ലം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ എസ്.ഡബ്ല്യു ഡച്ചസ് എന്ന കപ്പൽ എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പര്യവേക്ഷണം നടത്തുകയാണ്. ചുറ്റും കവചം തീർത്ത് എട്ട് ഡഗുകളുമുണ്ട്. കപ്പലിനുള്ള ഇന്ധനം ശേഖരിക്കാനും ജീവനക്കാർക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്കുമായി ടഗുകൾ കൊല്ലം പോർട്ടിലേക്ക് ഇടയ്ക്കിടെ വരും.

ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ അലപ്പുഴ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരമേഖലയിലാണ് പരിവേക്ഷണം നടക്കുന്നത്. എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ കൊല്ലം തുറമുഖത്തിന് വൻനേട്ടമാകും.

 തിരിച്ചടികൾ

1. ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് കൂടുതലാളുകൾ എത്തുന്നത് ചികിത്സയ്ക്ക്

2. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉള്ളത് കൊച്ചിയിൽ

3. വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്നതും കൊച്ചി

4. കൊല്ലത്തേക്ക് സർവീസ് ആരംഭിച്ചാൽ യാത്രക്കാരെ ലഭിക്കുമോയെന്ന് ആശങ്ക

''

കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് പോർട്ട് ഡയറക്ടറേറ്റുമായി ചർച്ച നടത്തി. അനുകൂല അന്തരീക്ഷമാണ് നിലവിലുള്ളത്.

വി.ജെ. മാത്യു

മാരിടൈം ബോർഡ് ചെയർമാൻ