mathi

കൊല്ലം: ചാള കോരാമെന്ന പ്രതീക്ഷയിൽ പല ദിക്കുകളിലേക്ക് വലവീശിയിട്ടും കൊല്ലം തീരത്തെ വള്ളങ്ങൾക്ക് നിരാശ. സാധാരണ ഡിസംബർ അവസാനത്തോടെ വല നിറയെ ചാള കൊരുക്കുന്നതാണ്. പക്ഷെ കൊല്ലം തീരത്ത് വള്ളങ്ങളിലെ തൊഴിലാളികൾക്ക് കറിക്ക് പോലും ചാള കിട്ടുന്നില്ല.

കാലാവസ്ഥാ വ്യതിയാനമാകാം ചാളയുടെ ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ജൂൺ, ജൂലായ് മാസങ്ങളിൽ മുൻവർഷങ്ങളിലേത് പോലെ എത്തിയില്ലെങ്കിലും മോശമല്ലാത്ത നിലയിൽ ചാള ലഭിച്ചിരുന്നു. അന്ന് കിലോയ്ക്ക് 120 മുതൽ 150 രൂപ വരെയായിരുന്നു വില. കഴിഞ്ഞ ദിവസം പോർട്ട് കൊല്ലം ഹാർബറിൽ കഷ്ടിച്ച് അരക്കുട്ട ചാളയെത്തി. കണ്ടപാടെ കറിക്കാരും കച്ചവടക്കാരും മത്സരിച്ച് വിളി തുടങ്ങി. ലേലം അവസാനിച്ചത് കിലോയ്ക്ക് 250 രൂപയിൽ. നീണ്ടകര കടപ്പുറത്ത് ഇന്നലെ ചെറിയ ചാള കിലോയ്ക്ക് 150 രൂപയായിരുന്നു വില. വലിയ ബോട്ടുകാർക്കും ഇപ്പോൾ ചാള കിട്ടുന്നില്ല. കടലിന് ചൂടേറിയത് ചാള കേരള തീരത്ത് നിന്ന് പോകാനുള്ള കാരണമായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

 മത്സ്യലഭ്യതയിലും ഇടിവ്

എല്ലാവർഷവും ഡിസംബർ പകുതിക്ക് ശേഷം മത്സ്യലഭ്യത ഉയരുന്നതാണ്. അങ്ങനെ കിട്ടുന്ന കാശുകൊണ്ടാണ് തീരം ക്രിസ്മസ് ആഘോഷിക്കുന്നത്. പക്ഷെ ഇത്തവണ അതും തെറ്റി. അയല മാത്രമാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. വലിയ മത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞു.

''

കാലാവസ്ഥാ വ്യതിയാനമാണ് ചാള അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയാനുള്ള കാരണം. അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും പ്രശ്നമാണ്.

മത്യാസ് അഗസ്റ്റിൻ,

മത്സ്യത്തൊഴിലാളി നേതാവ്