
കുന്നത്തൂർ : ഗ്രാമപഞ്ചായത്തിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ആര് ഭരിക്കുമെന്നത് പ്രവചനാതീതം.17 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ ഏഴ് സീറ്റുകൾ നേടിയ എൽ.ഡി.എഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.ബി.ജെ.പി - 5, യുഡിഎഫ് - 3, സ്വതന്ത്രർ -2 എന്നിങ്ങനെയാണ് കക്ഷിനില.കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണത്തിൽ കയറിയാലും പ്രത്യേകിച്ച് നേട്ടമില്ലെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.രണ്ടാം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രനെ ഒപ്പം കൂട്ടാമെന്ന കണക്കുകൂട്ടലും മുന്നണിയിലുണ്ട്. ഇദ്ദേഹത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനാണ് ധാരണ.എന്നാൽ യു.ഡി.എഫ് വിമതനായി മത്സരിച്ച ഇദ്ദേഹം എൽ.ഡി.എഫിന് പിന്തുണ നൽകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.പിന്തുണ ഉറപ്പാക്കിയാലും കേവല ഭൂരിപക്ഷം ലഭിക്കില്ല.മൂന്നാം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര മുൻ കോൺഗ്രസ് നേതാവിന്റെ ഭാര്യയാണ്.യു.ഡി.എഫിനോടാണ് ഇവർക്കും ആഭിമുഖ്യം എന്നാണറിയുന്നത്.രണ്ട് സ്വതന്ത്രർ കൂടി പിന്തുണച്ചാൽ യു.ഡി.എഫിന്റെ അംഗബലം അഞ്ചായി ഉയരും.രണ്ടര വർഷം വീതം പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പങ്കു വച്ച് ബി.ജെ.പിയുമായി ചേർന്നോ എൽ.ഡി.എഫുമായി ചേർന്നോ ഭരണത്തിൽ എത്താനുള്ള സാദ്ധ്യതകൾ യു.ഡി.എഫും തള്ളിക്കളയുന്നില്ല.യു.ഡി.എഫ് എൽ.ഡി.എഫിനെ പുറത്തു നിന്ന് പിന്തുണയ്ക്കാനും സാദ്ധ്യതയുണ്ട്. അതിനിടെ ഭരണ സമിതി രൂപീകരിക്കാൻ രംഗത്തെത്തിയിരിക്കുന്ന എൽ.ഡി.എഫിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി രൂക്ഷമായിരിക്കയാണ്.മുൻ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ച കുന്നത്തൂർ കിഴക്ക് വാർഡ് മെമ്പർ അരുണാമണിയെ പുതിയ പ്രസിഡന്റാക്കണമെന്ന ആവശ്യമാണ് പ്രതിസന്ധിക്കിടയാക്കിയത്.സി.പി. എം കുന്നത്തൂർ എൽ.സി കമ്മറ്റിയിലെ ഒരു വിഭാഗം ഈ ആവശ്യം ഉന്നയിക്കുമ്പോൾ ഐവർകാല എൽ.സി ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.ഏഴിൽ അഞ്ച് അംഗങ്ങൾ ഐവർകാല എൽ.സി യിൽ നിന്നുള്ളവരാണെന്നും ഇതിനാൽ പുത്തനമ്പലം വാർഡ് മെമ്പറായ മുൻപഞ്ചായത്തംഗം വത്സലകുമാരിയെ പ്രസിഡന്റാക്കണമെന്നും അവർ ശക്തമായി ആവശ്യപ്പെടുന്നു. അല്ലാതെയുള്ള യാതൊരു ഫോർമുലയും തങ്ങൾ സ്വീകരിക്കില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കുന്നത്തൂർ എൽ.സി സെക്രട്ടറിയുടെ പരാജയം ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരിക്കെയാണ് പുതിയ പ്രതിസന്ധി.