പുനലൂർ: ഹാരിസൺ മലയാളം പ്ലാന്റേഷനിലെ നാഗമല റബർ എസ്റ്റേറ്റ് സീനിയർ മാനേജരുടെ വീട്ടിലെ ഫ്രീസറിൽ നിന്ന് കാട്ടിറച്ചി പിടിച്ച സംഭവത്തിൽ മാനേജർ ഒളിവിൽ. സീനിയർ മാനേജരായ ബിജോയ് മാത്യുവാണ് ഒളിവിൽ കഴിയുന്നതെന്ന് തെന്മല ഫോറസ്റ്റ് റേഞ്ചോഫീസർ ശശികുമാർ അറിയിച്ചു.ചൊവ്വാഴ്ച രാത്രി 9മണിയോടെയാണ് ബംഗ്ലാവിൽ നിന്ന് കാട്ടു പന്നിയുടേതടക്കം ഏഴ് കിലോയോളം ഇറച്ചി പിടിച്ചത്. ചുള്ളിമാന്നൂർ ഫ്ലയിംഗ് സ്ക്വാഡ് റേഞ്ചോഫീസർ പ്രിജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പത്തനാപുരം,തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിലുളള വനപാലകർ നടത്തിയ റെയ്ഡിലാണ് കാട്ടിറച്ചി പിടി കൂടിയത്. രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ഫ്രീസറിൽ സൂക്ഷിച്ചിരുന്നതിൽ രണ്ടര കിലോ ഇറച്ചി കാട്ടു പന്നിയുടേതാണെന്നും ശേഷിക്കുന്നവ മാട്ടിറച്ചിയാണെന്നും ബംഗ്ലാവിലുണ്ടായിരുന്ന മാനേജരുടെ ഭാര്യ മൊഴി നൽകിയതായി റേഞ്ചോഫീസർ പറഞ്ഞു. ഇതേ തുടർന്ന് ഇറച്ചിയുടെ സാമ്പിൾ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഫലം പുറത്ത് വന്നാലെ ഇറച്ചിയെ സംബന്ധിച്ചുളള പൂർണ വിവരം ലഭിക്കുകയുള്ളു.ബിനോയി മാത്യൂവിനെതിരെ കേസ് എടുത്തതായും തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.